മദ്യം വിലകൂട്ടി വിറ്റാല്‍ 1000 ഇരട്ടി പിഴ

മദ്യം വാങ്ങാന്‍ എത്തുന്നവരില്‍ നിന്ന് കൂടുതല്‍ വില ഈടാക്കുകയോ ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന ബ്രാന്‍ഡ് നല്‍കാതെ കബളിപ്പിക്കുകയോ ചെയ്താല്‍ ബിവറേജസ് കോര്‍പ്പറേഷനിലെ ജീവനക്കാര്‍ ഇനി മുതല്‍ പിഴ അടയ്‌ക്കേണ്ടി വരും. മദ്യ വില്‍പന കേന്ദ്രങ്ങളിലെ തിരിമറികള്‍ നടക്കുന്നതായി കണ്ടെത്തിയാല്‍ പിഴ ചുമത്തുമെന്ന് അറിയിച്ച് സി.എം.ഡി എസ്. ശ്യാംസുന്ദര്‍ ജീവനക്കാര്‍ക്ക് സര്‍ക്കുലര്‍ അയച്ചു. ജനുവരി 1 മുതലാണ് പുതിയ പിഴ നിരക്ക് നിലവില്‍ വരുന്നത്.

എം.ആര്‍.പിയെക്കാള്‍ അധിക വിലയാണ് ഉപഭോക്താവില്‍ നിന്ന് ഈടാക്കുന്നത് എങ്കില്‍ അധികമായി വാങ്ങുന്ന തുകയുടെ 1000 ഇരട്ടി ജീവനക്കാരന്‍ പിഴയായി അടയ്ക്കണം. ആവശ്യപ്പെടുന്ന ബ്രാന്‍ഡ് കടയിലുണ്ടായിട്ടും അത് നല്‍കാതെ മറ്റേതെങ്കിലും ബ്രാന്‍ഡ് ആണ് നല്‍കുന്നതെങ്കില്‍ രണ്ടും തമ്മിലുള്ള വില വ്യത്യാസത്തിന്റെ 100 ഇരട്ടിയാണ് പിഴയായി നല്‍കേണ്ടി വരിക.

Read more

വില കുറഞ്ഞ മദ്യം പ്രദര്‍ശിപ്പിക്കാതിരിക്കുകയോ, വില വ്യക്തമാകാത്ത തരത്തില്‍ പ്രദര്‍ശിപ്പിക്കുകയോ ചെയ്യുകയാണെങ്കില്‍ 5000 രൂപയും ഡ്യൂട്ടി സമയത്തു മദ്യപിച്ചാല്‍ 30000 രൂപയും പിഴ അടയ്ക്കണം. കുപ്പിയോ, പണമോ മോഷ്ടിക്കുകയോ തിരിമറി നടത്തുകയോ ചെയ്താല്‍ മോഷണ മുതലിന്റെ 1000 ഇരട്ടി പിഴയോടൊപ്പം ക്രിമിനല്‍ കേസും നേരിടണം. വിറ്റുവരവിനെക്കാള്‍ അധികമോ അല്ലെങ്കില്‍ കുറവോ തുക പരിശോധനയില്‍ കണ്ടെത്തിയാല്‍ ബില്ലിങ് കൗണ്ടറിലെ ജീവനക്കാരന്‍ ആ തുക മുഴുവനായും ബോവ്‌കോയില്‍ അടയ്ക്കണം. വില്‍ക്കാത്ത സ്റ്റോക്കുകളുടെ റിപ്പോര്‍ട്ട് സ്റ്റോക്ക് എടുത്തു 3 മാസത്തിനകം നല്‍കിയില്ല എങ്കില്‍ 10000 രൂപയും പിഴയായി ഈടാക്കും. പല തവണ മുന്നറിയിപ്പ് നല്‍കിയിട്ടും തിരിമറികള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്ന പശ്ചാത്തലത്തിലാണ് പിഴ ഈടാക്കുന്നതെന്നും സി.എം.ഡി വ്യക്തമാക്കി.