പെരിയ ഇരട്ടക്കൊലപാതകം; സിബിഐ കോടതി ഇന്ന് വിധി പറയും

കാസർഗോഡ് പെരിയയിൽ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സിബിഐ കോടതി ഇന്ന് വിധി പറയും. 2019 ഫെബ്രുവരി 17ന് നടന്ന കൊലപാതക കേസിൽ 24 പ്രതികളും 270 സാക്ഷികളുമാണുള്ളത്. തിരുവനന്തപുരത്തെ സിബിഐ യൂണിറ്റ് അന്വേഷിച്ച കേസിൽ 2023 ഫെബ്രുവരി രണ്ട് മുതൽ കൊച്ചി സിബിഐ കോടതിയിൽ വിചാരണ ആരംഭിച്ചിരുന്നു.

യുവാക്കളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഒന്നാം പ്രതി പീതാംബരൻ ഉൾപ്പെടെയുള്ളവരെ ആദ്യഘട്ടത്തിൽ അറസ്റ്റ് ചെയ്തിരുന്നു.14 പേരായിരുന്നു ആദ്യം പ്രതിപട്ടികയിലുണ്ടായിരുന്നത്. ഇതിൽ 11 പേരെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് സിബിഐ കേസ് ഏറ്റെടുത്തതോടെയാണ് മറ്റ് പത്ത് പേരെ കൂടി പ്രതി ചേർത്തത്. ഒന്നാംപ്രതി പീതാംബരനടക്കം 11 പ്രതികൾ അഞ്ചര വർഷത്തിലേറെയായി ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

കൃത്യത്തിന് ​ഗൂഢാലോചന നടത്തിയത് കേന്ദ്രീകരിച്ചായിരുന്നു സിബിഐ അന്വേഷണം. ഈ ഘട്ടത്തിലാണ് ഉദുമ മുൻ എംഎൽഎയും സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന കെവി കുഞ്ഞിരാമൻ പ്രതിയായത്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ‍ന്റ് കെ മണികണ്ഠൻ, സിപിഐഎം നേതാക്കളായ രാഘവൻ വെളുത്തോളി, എൻ ബാലകൃഷ്ണൻ, ഭാസ്കരൻ വെളുത്തോളി തുടങ്ങിയവരും പിന്നീട് പ്രതികളായി.

കൊല്ലപ്പെട്ട ശരത് ലാലിനും കൃപേഷിനും വേണ്ടി ഹാജരായ അഭിഭാഷകൻ അഡ്വ. സികെ ശ്രീധരൻ പിന്നീട് പ്രതികൾക്ക് വേണ്ടി ഹാജരായത് കേസിൽ പരാതിക്കാർക്ക് തിരിച്ചടിയായിരുന്നു. പ്രതികൾക്ക് തക്കതായ ശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

Read more