പി.എഫ്‌.ഐ ജനറല്‍ സെക്രട്ടറിയെ കേരളത്തിലെ മുഴുവന്‍ കേസിലും പ്രതി ചേര്‍ക്കണം, നഷ്ടപരിഹാരം ഈടാക്കും, അഞ്ചുകോടി രൂപ കെട്ടിവെയ്ക്കണം: കടുത്ത നടപടിയുമായി ഹൈക്കോടതി

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിലെ ആക്രണത്തില്‍ കടുത്ത നടപടികളുമായി ഹൈക്കോടതി. ഹര്‍ത്താല്‍ ദിനത്തെ അത്രിക്രമങ്ങളില്‍ കേരളത്തിലെ മുഴുവന്‍ കേസിലും പിഎഫ്‌ഐ ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താറിനെ മുഴുവന്‍ കേസിലും പ്രതി ചേര്‍ക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. അബ്ദുര്‍ സത്താറായിരുന്നു ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

ഹര്‍ത്താലിലെ അക്രമ സംഭവങ്ങളില്‍ നഷ്ടപരിഹാരം ഈടാക്കാന്‍ ഉത്തരവിടാമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു. നഷ്ടപരിഹാരത്തുക കെട്ടിവച്ചേ ജാമ്യം നല്‍കാവൂ. ഇക്കാര്യത്തില്‍ എല്ലാ മജിസ്‌ട്രേട്ട് കോടതികള്‍ക്കും നിര്‍ദേശം നല്‍കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

പോപ്പുലര്‍ ഫ്രണ്ട് അഞ്ചുകോടി രൂപ കെട്ടിവയ്ക്കണം. നഷ്ടപരിഹാരം ഈടാക്കാനാകാത്ത സാഹചര്യത്തില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടല്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കാമെന്നും കോടതി പറഞ്ഞു. ഹര്‍ത്താലില്‍ ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.