സംസ്ഥാന വ്യാപകമായി പി.എഫ്‌.ഐ നേതാക്കളുടെ വീട്ടില്‍ റെയ്ഡ്; എന്‍.ഐ.എ സംഘം എത്തിയത് പുലര്‍ച്ചെ

നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മുന്‍ ഭാരവാഹികളുടെ വീട്ടില്‍ എന്‍ഐഎയുടെ റെയ്ഡ്. ഇന്ന് പുലര്‍ച്ചെയാണ് സംസ്ഥാനവ്യാപകമായി 56 ഇടങ്ങളില്‍ സംഘം പരിശോധന നടത്തുന്നത്.

എറണാകുളത്ത് മാത്രം 12 ഇടങ്ങളിലാണ് അന്വേഷണസംഘമെത്തി. മൂവാറ്റുപുഴ, ആലുവ, പെരുമ്പാവൂര്‍ മേഖലകളിലാണ് നേതാക്കളുടെ വീട്ടില്‍ പരിശോധന നടത്തിയത്. സംഘടനയുടെ രണ്ടാം നിര നേതാക്കള്‍, പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയവര്‍ എന്നിവരുടെ വീട്ടിലാണ് റെയ്ഡ്.

കോഴിക്കോട് പാലേരിയിലും എന്‍ഐഎ സംഘമെത്തി. പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകന്‍ കെ സാദത് മാസ്റ്ററുടെ വീട്ടിലാണ് പരിശോധന. ഇതിന് പുറമേ ആനക്കുഴിക്കര റഫീഖിന്റെ വീട്ടിലും നാദാപുരം വിലദപുരത്ത് നൗഷാദ് എന്നയാളുടെ വീ്ട്ടിലും റെയ്ഡ് നടത്തി.തിരുവനന്തപുരം ജില്ലയില്‍ മൂന്ന് സ്ഥലങ്ങളില്‍ പരിശോധന നടക്കുകയാണ്.

തോന്നയ്ക്കല്‍, നെടുമങ്ങാട്, പള്ളിക്കല്‍ എന്നിവിടങ്ങളിലാണ് റെയ്ഡ്. തോന്നയ്ക്കല്‍ നവാസിന്റെ വീട്ടില്‍ റെയ്ഡ് പുരോഗമിക്കുകയാണ്. കൊല്ലത്ത് കരുനാഗപ്പള്ളി, ചക്കുള്ളി എന്നിവിടങ്ങളിലാണ് പരിശോധന.കോട്ടയം കാഞ്ഞിരപ്പള്ളിയിലും എന്‍ഐഎ റെയ്ഡ് നടക്കുകയാണ്.

പിഎഫഐ നേതാവായിരുന്ന സുനീര്‍ മൗലവിയുടെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. കാഞ്ഞിരപ്പള്ളി പട്ടിമറ്റത്തെ വീട്ടിലാണ് പരിശോധന നടക്കുന്നത്. കേരള പൊലീസിന്റെ സാന്നിധ്യത്തിലാണ് എന്‍ഐഎ പരിശോധന. ഈരാറ്റുപേട്ടയിലും പരിശോധന നടക്കുകയാണ്.