ശബരിമലയില്‍ തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ദ്ധിക്കുന്നു; പതിനെട്ടാംപടി കയറാന്‍ കാത്തുനിന്നത് 16 മണിക്കൂര്‍

ശബരിമലയില്‍ വീണ്ടും തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ദ്ധിക്കുന്നു. പതിനെട്ടാംപടി കയറാന്‍ കഴിഞ്ഞ ദിവസം 16 മണിക്കൂര്‍ വരെ തീര്‍ത്ഥാടകര്‍ കാത്തുനില്‍ക്കേണ്ടി വന്നു. വെര്‍ച്വല്‍ക്യൂ ബുക്കിങ് കഴിഞ്ഞ ദിവസം 80,000ല്‍ താഴെ മാത്രമായിരുന്നു. നാളെ മുതല്‍ 25വരെ വെര്‍ച്വല്‍ക്യൂ ബുക്കിങ് 80,000ന് മുകളിലാണ്. ഇതോടെ നാളെ മുതല്‍ തിരക്ക് ഇനിയും വര്‍ദ്ധിക്കാനാണ് സാധ്യത.

മണ്ഡലപൂജയ്ക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കേയാണ് ശബരിമലയില്‍ ഇത്തരത്തില്‍ വലിയ തിരക്ക് അനുഭവപ്പെടുന്നത്. അപ്പാച്ചിമേട് മുതല്‍ ബാച്ചുകളായാണ് തീര്‍ത്ഥാടകരെ സന്നിധാനത്തേക്ക് കയറ്റിവിടുന്നത്. പുതിയ ബാച്ച് പൊലീസ് സംഘത്തിലെ പകുതി പേര്‍ ശബരിമല ഡ്യൂട്ടിയ്ക്കായി എത്തിയിട്ടുണ്ട്. മണ്ഡല പൂജയോട് അനുബന്ധിച്ച് 100 പൊലീസുകാരെ കൂടി അധികം നിയോഗിക്കാന്‍ ആലോചനയുണ്ട്.

ശബരിപീഠത്തിലെ ക്യൂവിലുണ്ടായിരുന്നവരും പമ്പയില്‍ ക്യൂവിലുണ്ടായിരുന്ന തീര്‍ത്ഥാടകരും ഉള്‍പ്പെടെ പുലര്‍ച്ചയോടെ ദര്‍ശനത്തിനെത്തിയതോടെയാണ് തിരക്ക് വര്‍ദ്ധിച്ചത്. പടി കയറാനുള്ള തിരക്ക് ഇന്നലെ വൈകിട്ട് അപ്പാച്ചിമേട് മുകള്‍ഭാഗം വരെയുണ്ടായിരുന്നു. അപ്പാച്ചിമേട് മുതല്‍ പമ്പ വരെ കുത്തനെയുള്ള ഇറക്കമായതിനാല്‍ പമ്പയിലാണ് തീര്‍ഥാടകരെ തടയുന്നത്.