എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് പുറത്താക്കും. ഇതിന് മുന്നോടിയായി ആർഷോയുടെ മാതാപിതാക്കൾക്ക് കോളേജ് അധികൃതർ നോട്ടീസ് നൽകി. ദീർഘനാളായി കോളജിൽ ഹാജരാകാത്തതിനാലാണ് ആർഷോക്കെതിരെ കോളജ് അധികൃതർ നടപടി എടുത്തത്.
ആർക്കിയോളജി ഏഴാം സെമസ്റ്റർ വിദ്യാർഥിയായിരുന്നു പി എം ആർഷോ. കോളജിൽ ഹാജരാകാതിരുന്നതിന്റെ കാരണം അറിയിച്ചില്ലെങ്കിൽ കോളജിൽ നിന്ന് പുറത്താക്കുമെന്ന് കാണിച്ച് ആർഷോയുടെ മാതാപിതാക്കൾക്ക് പ്രിൻസിപ്പൽ നോട്ടീസ് നൽകിയിട്ടുണ്ട്. അതേസമയം, വിഷയത്തിൽ പ്രതികരണവുമായി ആര്‍ഷോ രംഗത്തെത്തി.
കോളേജിൽ നിന്ന് പുറത്തുപോവുകയാണെന്ന് ആർഷോ പ്രതികരിച്ചു. ആറാം സെമസ്റ്ററിന് ശേഷമുളള എക്സിറ്റ് ഓപ്ഷൻ എടുക്കുകയാണെന്ന് ആർഷോ കോളജിനെ അറിയിച്ചതായാണ് വിവരം. ഇക്കാര്യത്തിൽ കോളേജധികൃതർ സർവകലാശാലയോട് അഭിപ്രായം തേടിയിട്ടുണ്ട്. മുഴുവൻ പരീക്ഷകളും പാസാകാതെ എക്സിറ്റ് ഓപ്ഷൻ നൽകുന്നതിലാണ് ആശയക്കുഴപ്പം നിലനിൽക്കുന്നത്.