ബിജെപി കോര്‍ കമ്മിറ്റി യോഗം കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടത്താനുള്ള നീക്കം തടഞ്ഞ് പൊലീസ്. വൈകീട്ട് മൂന്നുമണിക്ക് കോർകമ്മിറ്റിയോഗം നടക്കാനിരിക്കെയാണ് പൊലീസ് നടപടി. ഹോട്ടലുകളിൽ യോഗം ചേരുന്നത് നിയമലംഘനമാണെന്നും അനുവാദമില്ലെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസ് ഹോട്ടലിലെത്തി നോട്ടീസ് നൽകി.
ഹോട്ടലുകളിൽ യോഗം ചേരാൻ കോവിഡ് മാനദണ്ഡപ്രകാരം അനുമതിയില്ല എന്ന കാര്യം അറിയിച്ചിട്ടുണ്ട്. മറ്റ് സംഘടനകൾ യോഗം ചേരുന്ന അവസരത്തിലും ഇത്തരത്തിൽ നോട്ടീസ് നൽകിയിരുന്നതായി പൊലീസ് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് യോഗം ചേരാൻ കഴിയുമോ എന്ന സാധ്യതയും പാർട്ടി നേതൃത്വം ആലോചിക്കുന്നുണ്ട്.
അതേസമയം യോഗത്തില്‍ പങ്കെടുക്കുന്ന ബിജെപി നേതാക്കള്‍ ഹോട്ടലിലേക്ക് എത്തികൊണ്ടിരിക്കുകയാണ്. 12ഓളം പേര്‍ മാത്രമാണ് യോഗത്തിനെത്തിയതെന്നാണ് ബിജെപിയുടെ വിശദീകരണം. ലോക്ക്ഡൗണ്‍ സമയത്ത് ഹോട്ടലുകളില്‍ നിന്ന് പാഴ്‌സല്‍ വാങ്ങാന്‍ മാത്രമെ അനുവാദമുള്ളു.
Read more
കൊടകര കുഴല്‍പ്പണ കേസ് അന്വേഷണം സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനിലേക്കും മകനിലേക്കും നീങ്ങുന്ന ഘട്ടത്തില്‍ നിര്‍ണായക കോര്‍ കമ്മിറ്റിയോഗമാണ് കൊച്ചിയില്‍ ചേരുന്നത്. നിയമസഭ തിരഞ്ഞെടുപ്പിനു ശേഷം ആദ്യമായാണ് ഭാരവാഹികൾ നേരിട്ട് പങ്കെടുക്കുന്ന യോഗം ചേരുന്നത്. നേതൃത്വത്തിനെതിരെ പരസ്യമായി പ്രതികരണം നടത്തിയ മുൻ പ്രസിഡൻറ് സി.കെ. പത്മനാഭനെതിരെ നടപടി ഉണ്ടായേക്കുമെന്ന് സൂചനയുണ്ട്.