'ചട്ടം തൻ കടമയെ സെയ്യും'; സ്റ്റേഷന് മുന്നിലൂടെ മണൽ കടത്തി വെല്ലുവിളിച്ച മാഫിയക്ക് മറുപടി റീലുമായി പൊലീസ്

മലപ്പുറം നിലമ്പൂർ പൊലീസ് സ്റ്റേഷന് മുന്നിലൂടെ ടിപ്പറിൽ മണൽ കടത്തി ദൃശ്യം ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച മാഫിയ സംഘത്തെ അറസ്റ്റ് ചെയ്ത് പൊലീസ്. ഏഴ് പേരെ അറസ്റ്റ് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച പൊലീസ് അത് റീലായി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു. പ്രതികളെ പിടികൂടി സ്റ്റേഷനിൽ എത്തിക്കുന്നതും മണൽ കടത്തിയ ടിപ്പർ ലോറി കസ്റ്റഡിയിൽ എടുത്തതും ഉൾപ്പെടെയുള്ള രംഗങ്ങൾ ചേർത്താണ് പൊലീസ് റീൽ പങ്കുവെച്ചിരിക്കുന്നത്.

മമ്പാട് ഓടായിക്കൽ മറ്റത്ത് ഷാമിൽ ഷാൻ (21), കാട്ടുമുണ്ട വലിയ തൊടിക മർവാൻ (20), പുളിക്കൽ അമീൻ (19), വടപുറം ചേകരാറ്റിൽ അൽത്താഫ് (22), ചേകരാറ്റിൽ മുഹമ്മദ് സവാദ് (22), കണ്ണംതൊടിക അബ്ദുൽ മജീദ് (34) കരിമഠത്തിൽ സഹീർ (23) എന്നിവരെയാണ് ഇൻസ്പെക്ടർ മനോജ് പറയട്ട അറസ്റ്റ് ചെയ്തത്.

നിലമ്പൂർ പൊലീസ് സ്റ്റേഷന് മുന്നിലൂടെ അനധികൃതമായി മണൽ കടത്തുന്ന റീൽ ആണ് മാസ് ബിജിഎം ഇട്ട് ഇൻസ്റ്റഗ്രാമിൽ വൈറൽ ആയത്. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം പൊലീസ് മണൽ കടത്തുകാരെ തപ്പി ഇറങ്ങി. മമ്പാട് സ്വദേശികളായ ഏഴ് പേരെയും പൊക്കി. എല്ലാം ചിത്രീകരിച്ചു പൊലീസും റീൽസ് ഇറക്കുകയായിരുന്നു.

ശാമിൽഷാന്റെ ഉടമസ്ഥയിൽ ഉള്ള ലോറിയിൽ മണൽ കടത്തുമ്പോൾ ലോറിയിൽ ഉണ്ടായിരുന്ന ബിരുദ വിദ്യാർത്ഥി അമീൻ ആണ് ദൃശ്യം ചിത്രീകരിച്ചത്. സിനിമ ഡയലോഗുകൾ ചേർത്ത് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതോടെയാണ് പൊലീസിന്റെ ശ്രദ്ധയിൽ പെട്ടത്. അമീന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വിഡിയോ വിവാദമായതോടെ നീക്കം ചെയ്തെങ്കിലും പത്രവാർത്തയെത്തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം കേസെടുത്തു. 24 മണിക്കൂറിനുള്ളിൽ പ്രതികൾ പിടിയിലായി.