ധീരജിന്റെ കൊലപാതകം ആസൂത്രിതം എന്ന് പറയാനാകില്ലെന്ന് പൊലീസ്

ഇടുക്കിയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രനെ കുത്തി കൊലപ്പെടുത്തിയത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിഖില്‍ തന്നെയെന്ന് പൊലീസ്. ധീരജിനെയും കൂടെയുണ്ടായിരുന്ന വിദ്യാര്‍ത്ഥിയെയും കുത്തിയത് നിഖില്‍ തന്നെയാണ്. സംഭവസമയത്ത് നിഖിലിനൊപ്പം ഉണ്ടായിരുന്നവരെ തിരിച്ചറിഞ്ഞു. നിഖില്‍ കത്തി കൈയില്‍ കരുതിയത് മറ്റൊരു കേസില്‍ ജീവന് ഭീഷണി ഉണ്ടായിരുന്നതിനാൽ ആണെന്നാണ് സൂചനയെന്നും പൊലീസ് വ്യക്തമാക്കി.

ധീരജിന്റേത് ആസൂത്രിത കൊലപാതകമാണെന്ന് പറയാനാകില്ലെന്നും കൊലപാതകം ആകസ്മികമാണെന്നും ഇടുക്കി എസ് പി ആര്‍ കറുപ്പസ്വാമി പ്രതികരിച്ചു. അറസ്റ്റിലായവരുടെ മൊഴിയുടെ സത്യാവസ്ഥകള്‍ പരിശോധിച്ചു വരികയാണ്. വിശദമായ അന്വേഷണം നടക്കുന്നുണ്ട്. ഇതുവരെ രണ്ട് പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിട്ടുള്ളത്. നാല് പേര്‍ കൂടി പ്രതിപ്പട്ടികയില്‍ ഉണ്ടെന്നും പൊലീസ് പറഞ്ഞു. ധീരജിന്റെ മരണകാരണം ഹൃദയത്തിന്റെ അറകളിലേറ്റ ആഴത്തിലുള്ള മുറിവാണ്.

ധീരജിന്റെ മൃതദേഹം രാവിലെ ഇടുക്കി മെഡിക്കല്‍ കോളജിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം എസ്.എഫ്.ഐ സി.പി.എം നേതാക്കള്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. സി.പി.എം നേതാവ് എം.എം മണിയുടെ നേതൃത്വത്തില്‍ മൃതദേഹത്തില്‍ പതാക പുതപ്പിച്ചു. മൃതദേഹം സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി ഓഫിസിലും ഇടുക്കി ഗവ. എൻജിനീയറിംഗ് കോളജിലും പൊതുദര്‍ശനത്തിന് വച്ചു. തുടര്‍ന്ന് വിലാപ യാത്രയായി മൃതദേഹം ജന്മനാടായ കണ്ണൂരിലേക്ക് കൊണ്ടുപോയി.

കണ്ണൂരിലെ തൃച്ചംബരത്തെ പൊതുസ്മശാനത്തിലാണ് സംസ്‌കാരം. ധീരജിന്റെ വീടിനോട് ചേര്‍ന്ന് സി.പി.എം വാങ്ങിയ സ്ഥാലത്ത് സ്മാരകം പണിയും. കണ്ണൂര്‍ ജില്ലയിലെ അതിര്‍ത്തിയായ മാഹിയില്‍ നിന്ന് സി.പി.എം-എസ്.എഫ്.ഐ നേതാക്കളുടെ നേതൃത്വത്തില്‍ മൃതദേഹം ഏറ്റുവാങ്ങും. പിന്നീട് തളിപ്പറമ്പ് സി.പി.എം ഓഫീസില്‍ പൊതുദര്‍ശനത്തിന് വെക്കും.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് പൊലീസ് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. തളിപ്പറമ്പ് ടൗണില്‍ ഇന്ന് വൈകിട്ട് നാല് മണി മുതല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കുകയാണ്. വിവിധയിടങ്ങളില്‍ സംഘര്‍ഷമുണ്ടായി.