പൂരം കളറാകും; തിരുവമ്പാടിയുടെ വെടിക്കെട്ടിന് തിരി കൊളുത്താന്‍ ഇക്കുറി പെണ്‍കരുത്ത്

പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിലെ വെടിക്കെട്ട് ഇക്കുറി കളറാകും. തിരുവമ്പാടിയുടെ വെടിക്കെട്ട് വിസ്മയത്തിന് തിരി കൊളുത്തുന്നത് ഒരു സ്ത്രീയാണ്. ഒരു വീട്ടമ്മയാണ്. പുരത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു സ്ത്രീയ്ക്ക് വെടിക്കെട്ട് നടത്താന്‍ അനുമതി ലഭിക്കുന്നത്. പൂരപ്രേമികള്‍ ഒരു പോലെ ഉറ്റ് നോക്കുന്ന ആകാശവിസ്മയം ഒരുക്കാന്‍ തയ്യാറായിരിക്കുകയാണ് പന്തലങ്ങാട്ട് കുടുംബത്തിലെ അംഗമായ ഷീന സുരേഷ്.

മെയ് പത്തിനാണ് ഈ വര്‍ഷത്തെ തൃശൂര്‍ പൂരത്തിന് കൊടിയേറുന്നത്. പൂരത്തിലെ വെടിക്കെട്ടിന് പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍(പെസോ) ഔദ്യോഗിക അനുമതിയും നല്‍കിയിട്ടുണ്ട്. പെസോയുടെ പ്രത്യേക ലൈസന്‍സ് നേടിയ ഷീന തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് കരാര്‍ നേടി ചരിത്രത്തിന്റെ ഭാഗമാവുകയാണ്.

പരമ്പരാഗത വെടിക്കെട്ടുകാരായ പന്തലങ്ങാട്ട് കുടുംബത്തിലെ സുരേഷിന്റെ ഭാര്യയാണ് ഷീന. വര്‍ഷങ്ങളായി പന്തലങ്ങാട്ടെ സ്ത്രീകള്‍ വെടിക്കെട്ടിന് സഹായികളായി എത്താറുണ്ട്. എന്നാല്‍ വലിയൊരു വെടിക്കെട്ടിന്റെ ലൈസന്‍സിയാകുന്നത് ഇതാദ്യമാണ്.

ഭര്‍ത്താവ് സുരേഷിനെ സഹായിക്കാനായി കരിമരുന്ന് നിര്‍മ്മാണ ജോലികള്‍ പഠിച്ചെടുത്ത ഷീന ഗുണ്ട്, കുഴിമിന്നല്‍, മാലപ്പടക്കം, അമിട്ട് എന്നിവയുടെ ലൈസന്‍സ് സ്വന്തമാക്കിയിട്ടുണ്ട്. 25 വര്‍ഷമായി മേഖലയിലെ സജീവ സാന്നിദ്ധ്യമായ ഷീനയ്ക്ക് അകമഴിഞ്ഞ പ്രോത്സാഹനമാണ് സുരേഷ് നല്‍കുന്നത്.

കുഴി മിന്നലിന്റെ തോട്ടികള്‍, ആകാശത്ത് വിരിയുന്ന പാരച്യൂട്ട് കുടയുടെ രൂപകല്‍പന തുടങ്ങി വര്‍ണ വിസ്മയങ്ങളുടെ കൂമ്പാരമാണ് ഷീന പൂരനഗരിയ്ക്കായി കാത്തുവച്ചിരിക്കുന്നത്. പൂരം അടുത്തെത്താറായതോടെ വെടിക്കെട്ട് ഒരുക്കങ്ങളും വേഗത്തില്‍ പുരോഗമിക്കുകയാണ്. സുരേഷിന്റെ മേല്‍നോട്ടത്തില്‍ കരിമരുന്ന പണികള്‍ മികച്ച രീതിയില്‍ നടക്കുകയാണ്.

വെടിക്കെട്ടിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് രണ്ട് മക്കളുടെ അമ്മ കൂടിയായ ഷീന. മെയ് 8 ന് വൈകിട്ട് സാമ്പിള്‍ വെടിക്കെട്ടും, മെയ് 11ന് രാവിലെ പ്രധാന കരിമരുന്ന് പ്രയോഗവും നടക്കും.