നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു; കോഴിക്കോട് മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടില്ല, ജാഗ്രതയുടെ ഭാഗമായി ധരിക്കുന്നത് നല്ലതെന്ന് മന്ത്രി മുഹമ്മദ് റിയാസ്

നിപ വൈറസ് സംശയത്തെ തുടര്‍ന്ന് സംസ്ഥാനത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചുവെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. മാധ്യമ പ്രവര്‍ത്തകര്‍ ആശങ്ക സൃഷ്ടിക്കരുതെന്ന് നിപ സാഹചര്യം വിലയിരുത്താന്‍ ചേര്‍ന്ന പ്രത്യേക അവലോകന യോഗത്തിന് ശേഷം മന്ത്രി പറഞ്ഞു. കോഴിക്കോട് മാസ്‌ക് നിര്‍ബന്ധമില്ലെന്നും ജാഗ്രതയുടെ ഭാഗമായി മാസ്‌ക് ധരിക്കാമെന്നും റിയാസ് വ്യക്തമാക്കി.

എട്ട് പഞ്ചായത്തുകളിലെ സ്ഥിതി ഗതികള്‍ വിലയിരുത്തിയിട്ടുണ്ട്. നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ല. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. നിപ വൈറസിന്റെ സൂചന ലഭിച്ച സമയം മുതല്‍ തന്നെ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു. വൈകിട്ടോടെ റിസള്‍ട്ട് എത്തും. റിസള്‍ട്ട് എന്ത് തന്നെ ആയാലും തുടര്‍നടപടികള്‍ എങ്ങനെയായിരിക്കണമെന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടത്തിയതായും മുഹമ്മദ് റിയാസ് പറഞ്ഞു.

എട്ട് പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു. മരുതോങ്കര പഞ്ചായത്തില്‍ ആശങ്കയ്ക്ക് വകയില്ലെന്നും മന്ത്രി അറിയിച്ചു. തൊണ്ണൂറ് വീടുകളില്‍ നടത്തിയ പരിശോധനയില്‍ സൂചനകള്‍ കണ്ടെത്തിയിട്ടില്ല. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അവലോകന യോഗത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ ജാഗ്രത തുടരാനാണ് തീരുമാനം. മാധ്യമങ്ങളും ഭയപ്പാട് ഉണ്ടാക്കരുത്. അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണം. മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടില്ലെങ്കിലും ധരിക്കുന്നത് തന്നെയാണ് നല്ലതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.