നടിയും ബിജെപി നേതാവുമായ കങ്കണ റണൗട്ടിൻ്റെ മുഖത്തടിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥ കുൽവിന്ദർ കൗറിന് സമ്മാനവുമായി പെരിയാർ ദ്രാവിഡ കഴകം. പെരിയാറിൻ്റെ ചിത്രം മുദ്രണംചെയ്ത സ്വർണമോതിരം കുൽവിന്ദർ കൗറിന് സമ്മാനമായി നൽകുമെന്നാണ് പെരിയാർ ദ്രാവിഡ കഴകത്തിൻ്റെ പ്രഖ്യാപനം. മോതിരത്തിനൊപ്പം പെരിയാറിൻ്റെ ചില പുസ്തകങ്ങൾ സമ്മാനിക്കുമെന്നും പെരിയാർ ദ്രാവിഡകഴകം നേതാക്കൾ അറിയിച്ചു.
മോതിരം കുൽവിന്ദർ കൗറിൻ്റെ വീട്ടുവിലാസത്തിലേക്ക് അയച്ചുകൊടുക്കും. കൊറിയർ സ്ഥാപനം വിസമ്മതിക്കുകയാണെങ്കിൽ നേരിട്ട് മോതിരം കൈമാറുമെന്നും പെരിയാർ ദ്രാവിഡകഴകം നേതാക്കൾ അറിയിച്ചു. അതേസമയം ഇക്കഴിഞ്ഞ ദിവസമാണ് കങ്കണയെ സിഐഎസ്എഫ് ഉദ്യോഗസ്ഥ കുൽവിന്ദർ കൗർ തല്ലിയായത്. സംഭവത്തെ തുടർന്ന് കുൽവിന്ദർ കൗറിനെ സസ്പെൻഡ് ചെയ്തു.
ഉദ്യോഗസ്ഥയ്ക്കെതിരെ ചണ്ഡീഗഢ് പൊലീസ് കേസ് എടുത്തിട്ടുമുണ്ട്. ഹിമാചൽപ്രദേശിലെ മംഡിയിൽനിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ട കങ്കണ കഴിഞ്ഞ ജൂണ്‍ 6ന് ഡൽഹിയിലേക്കുപോകാൻ ചണ്ഡീഗഢ് വിമാനത്താവളത്തിലെത്തിയപ്പോഴാണ് സംഭവമുണ്ടായത്. ബഹളത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചു.
100 രൂപ ദിവസക്കൂലിക്കാണ് കർഷകർ സമരം ചെയ്യുന്നതെന്ന കങ്കണയുടെ പ്രസ്താവനയോടുളള രോഷമാണ് മർദനത്തിന് കാരണമെന്ന് കുൽവീന്ദർ പറഞ്ഞിരുന്നു. പഞ്ചാബിലെ സുൽത്താൻപുർ ലോധി സ്വദേശിയാണു കുൽവീന്ദർ. കങ്കണ ഈ പ്രസ്താവന നടത്തിയ സമയത്ത് തന്റെ അമ്മ ഡൽഹി അതിർത്തിയിൽ സമരം ചെയ്യുകയാണെന്നും 2020-21ലെ കർഷക സമരത്തിലും അവർ പങ്കെടുത്തിട്ടുണ്ടെന്നും കുൽവീന്ദർ പറഞ്ഞിരുന്നു.