പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ. എം. കെ പ്രസാദ് അന്തരിച്ചു, നഷ്ടമായത് കറതീര്‍ന്ന പ്രകൃതിസ്നേഹിയെ

പരിസ്ഥിതി വിദഗ്ദനും പ്രവര്‍ത്തകനുമായ പ്രൊഫ.എം.കെ പ്രസാദ് (89)അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു മരണം. ബോട്ടണിയില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷമായിരുന്നു അദ്ദേഹം പരിസ്ഥിതി മേഖലയിലേക്ക് എത്തിയത്. പ്രകൃതി സംരക്ഷണത്തിന്റെയും സുസ്ഥിര വികസനത്തിന്റെയും അറിയപ്പെടുന്ന പ്രഭാഷകനും, പ്രകൃതിസ്നേഹിയുമായിരുന്നു. കേരളത്തിലെ പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനങ്ങളുടെ തുടക്കക്കാരില്‍ ഒരാളായിരുന്നു.

പാലക്കാട് ജില്ലയിലെ മുണ്ടൂരിലെ പരിഷത്തിന്റെ ഐ.ആര്‍.ടി.സിയുടെ ( Integrated rural technology centre ) നിര്‍മ്മാണത്തില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. സേവ് സൈലന്റ് വാലി കാമ്പയിന്‍ മുന്‍നിരയില്‍ നിന്ന് നയിച്ച വ്യക്തി കൂടിയാണ്

യൂണൈറ്റ് നാഷണലിന്റെ മില്ലേനിയം എക്കോസിസ്റ്റം അസ്സെസ്‌മെന്റ് ബോര്‍ഡില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള അദ്ദേഹം ഒട്ടേറെ പരിസ്ഥിതി സംബന്ധമായ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ സംസ്ഥാന പ്രസിഡന്റ്, മഹാരാജാസ് കോളജ് പ്രിന്‍സിപ്പാള്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പ്രോ വൈസ് ചാന്‍സലര്‍ തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. പ്രകൃതി സംരക്ഷണ മേഖലയില്‍ ഒട്ടനവധി സംഭാവന നല്‍കാന്‍ ചുരുങ്ങിയ കാലം കൊണ്ട് അദ്ദേഹത്തിന് കഴിഞ്ഞു. അധ്യാപകന്‍, പ്രഭാഷകന്‍ എന്നീ മേഖലകളിലും കഴിവ് തെളിയിച്ച വ്യക്തിത്വമാണ്.

വീട്ടാവശ്യങ്ങള്‍ക്കുള്ള ഊര്‍ജ്ജത്തിന് പരമ്പരാഗത സ്രോതസുകളെ ആശ്രയിക്കണമെന്ന വാദക്കാരനായിരുന്നു. ഐക്യരാഷ്ട്ര സഭയുടെ മില്ലേനിയം എക്കോസിസ്റ്റം അസസ്മെന്റ് ബോര്‍ഡില്‍ അഞ്ച് വര്‍ഷത്തിലധികം പ്രവര്‍ത്തിച്ചിട്ടുണ്ട്. വേള്‍ഡ് വൈഡ് ഫണ്ട് ഓഫ് നേച്ചറിലെ പ്രവര്‍ത്തനങ്ങള്‍ ഇതിന്റെ ഭാഗമായിരുന്നു.