സന്ദീപ് കൊലക്കേസ് പ്രതികൾക്ക് എതിരെ പ്രതിഷേധം; തെളിവെടുപ്പ് പൂർത്തിയാക്കാനാവാതെ മടങ്ങി

സി.പി.ഐ.എം പെരിങ്ങര ലോക്കൽ സെക്രട്ടറി പി.ബി സന്ദീപ് കുമാറിന്റെ കൊലപാതക കേസിൽ പ്രതികളെ തിരുവല്ല ചാത്തങ്കരിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപാതകം നടത്തിയ സ്ഥലം ഒന്നാം പ്രതി ജിഷ്ണു പൊലീസ് ഉദ്യോസ്ഥരോട് വ്യക്തമാക്കി. എന്നാൽ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പ്രതികളുമായി പൊലീസ് മടങ്ങി. സന്ദീപിന്റെ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യം തന്നെയാണെന്നും സന്ദീപിനെ കൊലപ്പെടുത്താൻ മറ്റൊരു കാരണവും ഇല്ലെന്നും നാട്ടുകാർ പറഞ്ഞു.

അതേസമയം, പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്നായിരുന്നു തിങ്കളാഴ്ച്ച കോടതിയിൽ ഹാജരാക്കിയതിന് പിന്നാലെ ഒന്നാം പ്രതി ജിഷ്ണു മാധ്യമങ്ങളോട് പറഞ്ഞത്. ഒരു രാഷ്ട്രീയ പാർട്ടിയുമായും തങ്ങൾക്ക് ബന്ധമില്ല സ്വയരക്ഷയ്ക്കാണ് കൊലപാതകം ചെയ്തതെന്നുമായിരുന്നു പ്രതികൾ പറഞ്ഞത്.

Read more

തിരുവല്ല പെരിങ്ങര ചാത്തങ്കരി കൗസല്യയിൽ ജിഷ്ണു, ചങ്ങനാശേരി പായിപ്പാട് പള്ളിക്കച്ചിറ കൊച്ചുപറമ്പിൽ പ്രമോദ്, തിരുവല്ല കാവുംഭാഗം വേങ്ങൽ നന്ദുഭവനിൽ നന്ദു, കണ്ണൂർ ചെറുപുഴ മരുതംപടി കുന്നിൽ വീട്ടിൽ മുഹമ്മദ് ഫൈസൽ, വേങ്ങൽ ആലംതുരുത്തി പാറത്തറ തുണ്ടിയിൽ വിഷ്ണുകുമാർ എന്നിവരാണ് കേസിലെ പ്രതികൾ.