കോൺഗ്രസിൽ നിന്ന് രാജിവെച്ച് സി.പി.ഐ.എമ്മിൽ ചേർന്ന പി.എസ് പ്രശാന്തിന് പാർട്ടി പുതിയ ചുമതല നൽകി. കർഷക സംഘം ജില്ലാ വൈസ് പ്രസിഡൻ്റ് ആയിട്ടാണ് ചുമതല നൽകിയത്. വർഷങ്ങളായുള്ള കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് പി എസ് പ്രശാന്ത് സിപിഐഎമ്മിൽ ചേർന്നത്. കെ.പി.സി.സി സെക്രട്ടറിയും നിയമസഭാ തിരഞ്ഞെടുപ്പിൽ നെടുമങ്ങാട് മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായിരുന്നു പ്രശാന്ത്.
ഡിസിസി പ്രസിഡന്റായ പാലോട് രവിക്കെതിരെ ആരോപണം ഉന്നയിച്ചതിനു സസ്പെൻഷനിലായിരുന്ന പ്രശാന്ത്, എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെതിരെ വിമർശനം ഉന്നയിച്ചതോടെയാണു പാർട്ടിയിൽ നിന്നും പുറത്തായത്. നേരത്തെ കോൺഗ്രസിൽ നിന്നും രാജിവെച്ച് പാർട്ടിയിൽ എത്തിയ കെ.പി അനിൽ കുമാറിനെ സി.പി.ഐ.എം കോഴിക്കോട് ജില്ലാ സമ്മേളത്തിന്റെ സംഘാടക സമിതി രക്ഷാധികാരിയായി തിരഞ്ഞെടുത്തിരുന്നു.
കെ.പി.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി കെ.പി അനിൽകുമാർ കോൺഗ്രസുമായുള്ള 43 വർഷത്തെ ബന്ധം അവസാനിപ്പിച്ചാണ് സി.പി.ഐ.എമ്മുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്. പാർട്ടി വിട്ടതോടെ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനങ്ങളാണ് അനിൽകുമാർ ഉയർത്തിയത്.
കെ. കരുണാകരൻറെ പേരിൽ രൂപീകരിച്ച ട്രസ്റ്റിലൂടെ പിരിച്ചെടുത്ത 16 കോടി രൂപ കെ. സുധാകരൻ കൈക്കലാക്കിയെന്ന് അനിൽ കുമാർ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. കണ്ണൂരിലെ രാജാസ് സ്കൂൾ ഏറ്റെടുക്കാനായി പിരിച്ചെടുത്ത പണമാണ് സുധാകരൻ സ്വന്തം പോക്കറ്റിലാക്കിയത്. ഈ പണം എവിടെ പോയെന്ന് കെ.പി.സി.സി. പ്രസിഡൻറ് വ്യക്തമാക്കണമെന്ന് കെ.പി. അനിൽകുമാർ ആവശ്യപ്പെട്ടു.
Read more
സൈബർ ഗുണ്ടകളുടെ സഹായത്തോടെയാണ് സുധാകരൻ നേതൃസ്ഥാനം ഏറ്റെടുത്തതെന്നും മുൻ കെപിസിസി ജനറൽ സെക്രട്ടറി കൂടിയായ കെ.പി. അനിൽകുമാർ പറഞ്ഞു. സി.പി.ഐ.എം കോഴിക്കോട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.