കടുപ്പമേറിയ വിക്കറ്റാണെങ്കിലും റണ്‍സ് സ്‌കോര്‍ ചെയ്യുകയെന്നത് ബാറ്ററുടെ ജോലിയാണെന്ന് സഞ്ജു സാംസണ്‍. ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സുമായി നടത്തിയ അഭിമുഖത്തിലാണ് സഞ്ജു ഇക്കാര്യം പറഞ്ഞത്. ടി20 ക്രിക്കറ്റില്‍ എന്താണ് മികച്ച ടോട്ടലെന്നു നിങ്ങള്‍ക്കു ഒരിക്കലും പറയാന്‍ കഴിയില്ലെന്നും അതിനാല്‍ പന്തുകള്‍ പാഴാക്കാതെ കളിക്കുകയെന്നതാണ് തന്റെ രീതിയെന്നും സഞ്ജു പറഞ്ഞു.
ടി20യില്‍ നിങ്ങളൊരു ടോട്ടല്‍ പടുത്തുയര്‍ത്തുമ്പോള്‍ എത്രയാണ് നല്ല സ്‌കോറെന്നു നിങ്ങള്‍ക്കു ഒരിക്കലും അറിയാന്‍ സാധിക്കില്ല. അതുകൊണ്ടു തന്നെ ബാറ്റ് ചെയ്യാനെത്തിയാല്‍ നിങ്ങളെന്തിന് ബോളുകളും സമയവുമെല്ലാം പാഴാക്കണം? ഈ ചോദ്യമാണ് ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിക്കാന്‍ തുടങ്ങിയ ശേഷം ഞാന്‍ സ്വയം ചോദിക്കാന്‍ തുടങ്ങിയത്.
ഒരു സ്ലോ വിക്കറ്റില്‍ കളിക്കുകയാണെങ്കില്‍ ഈ കാരണം പറഞ്ഞ് 150-160 റണ്‍സ് മാത്രമേ ഞങ്ങള്‍ നേടൂയെന്നു പറയാന്‍ പാടില്ല. രണ്ടാമിന്നിങ്സില്‍ വിക്കറ്റ് മെച്ചപ്പെടുകയാണെങ്കില്‍ നിങ്ങളുടെ ബോളര്‍മാര്‍ ഉജ്ജ്വല ബോളിംഗിലൂടെ എതിര്‍ ടീമിനെ അതിനേക്കാള്‍ ചെറിയ ടോട്ടലില്‍ ഓള്‍ ഔട്ടാക്കുമെന്നു നിങ്ങള്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നു.
അതുകൊണ്ടു തന്നെ കടുപ്പമേറിയ വിക്കറ്റാണെങ്കിലും റണ്‍സ് സ്‌കോര്‍ ചെയ്യുകയെന്നത് ബാറ്ററുടെ ജോലിയാണ്. ബാറ്റര്‍മാര്‍ റിസ്‌ക്കെടുക്കുകയും വലിയ ടോട്ടല്‍ പടുത്തുയര്‍ത്താന്‍ ശ്രമിക്കുകയും വേണം. കാരണം റണ്‍ ചേസിങ്ങെന്നത് ഇപ്പോള്‍ കൂടുതല്‍ എളുപ്പമായി മാറിയിരിക്കുകയാണ്- സഞ്ജു കൂട്ടിച്ചേര്‍ത്തു.