സ്വന്തം താത്പര്യത്തിനു വേണ്ടിയാണ് ചിലരൊക്കെ ബി.ജെ.പിയിലേക്ക് എത്തുന്നത്; അബ്ദുള്ളക്കുട്ടിയുടെ ബി.ജെ.പി പ്രവേശനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ശ്രീധരന്‍പിള്ള

എ.പി അബ്ദുള്ളക്കുട്ടിയുടെ ബി.ജെ.പി പ്രവേശനത്തില്‍ പ്രതികരിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. ചില സമുദായങ്ങളില്‍ പെട്ടവര്‍ അടുത്തിടെയായി ബി.ജെ.പിയിലേക്ക് വരുന്നത് അവരുടെ താത്പര്യങ്ങള്‍ക്ക് വേണ്ടിയാണെന്നാണ് ശ്രീധരന്‍പിള്ള പറഞ്ഞു. അത് കാര്യമാക്കുന്നില്ലെന്നും ആളെ കിട്ടുകയാണ് പ്രധാനമെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.

മുസ്ലിംനാമധാരിയായ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തന്നെ വിളിച്ച് ബി.ജെ.പിയില്‍ ചേരാന്‍ താത്പര്യമുണ്ടെന്നറിയിച്ചു. കോണ്‍ഗ്രസില്‍ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നയാളല്ലേ എന്ന് ചോദ്യത്തിന് തന്റെ തീരുമാനം ഇതാണെന്നായിരുന്നു അദ്ദേഹം മറുപടി പറഞ്ഞത്. പാര്‍ട്ടിയില്‍ ആളെക്കൂട്ടുകയാണ് പ്രധാനം. അതിന് ജാതിയും മതവും രാഷ്ട്രീയവും നോക്കില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

കേരളത്തില്‍ നിന്നുള്ള ചിലരെ കേന്ദ്രമന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുപ്പിക്കണമെന്ന് ദേശീയ അദ്ധ്യക്ഷന്‍ വിളിച്ച് പറഞ്ഞിരുന്നെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ബി.ജെ.പിക്കെതിരെ പ്രവര്‍ത്തിച്ചവരാണ് അവര്‍. അവരൊക്കെ ബി.ജെ.പിയില്‍ ചേര്‍ന്നെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയിലേക്ക് ആരു വന്നാലും തങ്ങളുമായി ലയിക്കും. ബി.ജെ.പിയെ മലിനക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.