പി.ടി സെവനെ മയക്കുവെടിവച്ചു; അടുത്ത 45 മിനിറ്റ് നിര്‍ണായകം

പാലക്കാടിനെ വിറപ്പിക്കുന്ന പിടി സെവനെ മയക്കുവെടിവച്ചു. ധോണിയിലെ കോര്‍മ എന്ന സ്ഥലത്ത് വെച്ചാണ് ആനയെ മയക്കുവെടിവച്ചത്. ആന മയങ്ങാന്‍ 30 മിനിറ്റോളം എടുമെന്നാണ് ദൗത്യസംഘം പറയുന്നത്. അതിനാല്‍ അടുത്ത 45 മിനിറ്റ് അതിനിര്‍ണായകമാണെന്ന് ദൗത്യസംഘം അറിയിച്ചു. ആനയെ കൊണ്ടുവരാനുള്ള ലോറി കാട്ടിലേക്ക് പുറപ്പെട്ടു.

ഇന്നലെയും ആനയെ പിടികൂടാനായുള്ള ശ്രമം നടത്തിയെങ്കിലും ഉള്‍ക്കാട്ടിലേക്ക് കയറിയതോടെ മയക്കുവെടി വയ്ക്കാന്‍ സാധിച്ചില്ല. കുങ്കിയാനയെ എത്തിച്ച് ആനയെ തിരിച്ചിറക്കാനും ശ്രമം നടത്തിയിരുന്നു.

ചീഫ് ഫോറസ്റ്റ് വെറ്റിനറി സര്‍ജന്‍ അരുണ്‍ സഖറിയ ആണ് ദൗത്യസംഘത്തിന് നേതൃത്വം നല്‍കുന്നത്. മുത്തങ്ങയില്‍ നിന്ന് വിക്രം, ഭരതന്‍, സുരേന്ദ്രന്‍ എന്നീ കുങ്കിയാനകളെ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. പി.ടി.ഏഴാമനെ ധോണിയിലെ കൂട്ടിലെത്തിക്കും.