കൂത്തുപറമ്പ് വെടിവയ്പ്പില്‍ പരിക്കേറ്റ പുഷ്പന്‍ ആശുപത്രിയില്‍; ചികിത്സാ പുരോഗതി അന്വേഷിച്ച് മുഖ്യമന്ത്രി ആശുപത്രിയില്‍

1994ലെ കൂത്തുപറമ്പ് വെടിവയ്പ്പിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായിരുന്ന പുഷ്പന്‍ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഐസിയുവില്‍. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലാണ് നിലവില്‍ പുഷ്പന്‍ ചികിത്സയിലുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴിക്കോടെത്തി പുഷ്പന്റെ ആരോഗ്യനിലയെ കുറിച്ച് അന്വേഷിച്ചു.

പുഷ്പന്റെ ചികിത്സാ പുരോഗതി അന്വേഷിച്ച ശേഷം മുഖ്യമന്ത്രി മടങ്ങി. അതേസമയം പുഷ്പന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കൂത്തുപറമ്പ് വെടിവയ്പ്പിനെ തുടര്‍ന്ന് പരിക്കേറ്റ പുഷ്പന്‍ കഴിഞ്ഞ 30 വര്‍ഷമായി കിടപ്പിലായിരുന്നു. 1994 നവംബര്‍ 25ന് ആയിരുന്നു വെടിവയ്പ്പ്.

അന്നത്തെ സഹകരണമന്ത്രിയായിരുന്ന എംവി രാഘവന്റെ യോഗത്തിനിടെയുണ്ടായ സംഘര്‍ഷമാണ് വെടിവെയ്പ്പില്‍ കലാശിച്ചത്. പൊലീസ് വെടിവയ്പ്പില്‍ അഞ്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു.