'പുതുപ്പള്ളി സാധു'വിനെ കണ്ടെത്തി, വനത്തിന് പുറത്തെത്തിച്ചു

കോതമംഗലത്ത് സിനിമ ചിത്രീകരണത്തിനിടെ കാടുകയറിയ ‘പുതുപ്പള്ളി സാധു’ എന്ന നാട്ടാനയെ കണ്ടെത്തി. വനാതിര്‍ത്തിയില്‍ നിന്ന് 200 മീറ്റര്‍ അകലെ കണ്ടെത്തിയ ആനയെ പാപ്പാന്‍മാര്‍ വനത്തിന് പുറത്തേക്ക് കൊണ്ടുവന്നു. സിനിമാ ഷൂട്ടിങ്ങിനിടെ നാട്ടാന മണികണ്ഠന്റെ കുത്തേറ്റാണ് പുതുപ്പള്ളി സാധു കാട്ടിലേക്ക് ഓടിക്കയറിയത്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം.

എറണാകുളം ഭൂതത്താൻകെട്ടിന് സമീപം കുട്ടമ്പുഴ വനത്തോട് ചേര്‍ന്നുള്ള വടാട്ടുപാറയിലായിരുന്നു സിനിമയുടെ ഷൂട്ടിങ്. അഞ്ച് ആനകളെയാണ് ഉപയോഗിച്ചത്. അതിൽ രണ്ടാനകൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. പുതുപ്പള്ളി സാധുവും, തടത്താവിള മണികണ്ഠന്‍ എന്ന ആനയുമാണ് ഏറ്റുമുട്ടിയത്. ഏറ്റുമുട്ടലിൽ പരിക്കേറ്റ സാധു തുണ്ടം വനമേഖലയിലേക്ക് ഓടി. ഇന്നലെ രാത്രി വരെ തിരച്ചിൽ തുടർന്നെങ്കിലും കണ്ടെത്താനായില്ല. രാത്രിയിൽ കാട്ടിലുള്ള തിരച്ചിൽ അപകടമായതിനാലാണ് തിരച്ചിൽ അവസാനിപ്പിച്ചത്.

വിജയ് ദേവരക്കൊണ്ട നായകനാകുന്ന തെലുങ്ക് ചിത്രത്തിന്റെ ചിത്രീകരണത്തിന് വേണ്ടിയാണ് അഞ്ച് ആനകളെ എത്തിച്ചിരുന്നത്. സംഘട്ടന രംഗത്തിന്റെ ഭാഗമായിട്ടാണ് ആനകളെ ഉപയോഗിച്ചത്. അതിന് പിന്നാലെയാണ് സാധു എന്ന നാട്ടാനയെ തടത്താവിള മണികണ്ഠന്‍ തുടരെ ആക്രമിച്ചത്. പാപ്പാന്മാരുടെ നിർദേശം പാലിക്കാതെ ഏറ്റുമുട്ടൽ തുടർന്നതോടെയാണ് സാധു കാട്ടിലേക്ക് ഓടി കയറിയത്.

Read more