ജെയ്ക്ക് ജയിച്ചാല്‍ അത് ലോകാത്ഭുതമെന്ന് എകെ ബാലന്‍; പുതുപ്പള്ളിയില്‍ ആദ്യ മണിക്കൂറില്‍ തന്നെ തോല്‍വി സമ്മതിച്ച് സിപിഎം; എല്‍ഡിഎഫ് ക്യാമ്പുകള്‍ ശോകമൂകം

പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ വോട്ടെണ്ണല്‍ തുടങ്ങി ആദ്യ മണിക്കൂറിലെ തോല്‍വി സമ്മതിച്ച് സിപിഎം. പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചാല്‍ അത് ലോകഅത്ഭുതമെന്ന് സിപിഎം നേതാവ് എകെ ബാലന്‍ പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജയ്ക്ക് സി. തോമസ് നേടിയതിന്റെ രണ്ട് ഇരട്ടി ഭൂരിപക്ഷത്തില്‍ ചാണ്ടി ഉമ്മന്‍ കുതിക്കുമ്പോഴാണ് എകെ ബാലന്റെ പ്രതികരണം.

വോട്ടെണ്ണല്‍ ആദ്യ റൗണ്ട് എണ്ണി തുടങ്ങിയപ്പോള്‍ തന്നെ ആറായിരത്തിലധികം വോട്ടിന്റെ ലീഡ് ചാണ്ടി ഉമ്മന്‍ ഉയര്‍ത്തിയിട്ടുണ്ട്. അയര്‍ക്കുന്നത്തെ ബൂത്തുകളിലെ വോട്ടുകളാണ് ആദ്യ റൗണ്ടില്‍ എണ്ണിയത്. അക്കുന്നത്തെ ആദ്യ റൗണ്ടിലെ 24 ബൂത്തുകള്‍ എണ്ണിയപ്പോള്‍ തന്നെ ആറായിരത്തിലധികം വോട്ടിന്റെ മുമ്പിലാണ് ചാണ്ടി ഉമ്മന്‍. അയര്‍ക്കുന്നത്തെ ആദ്യ റൗണ്ട് എണ്ണിയപ്പോള്‍ തന്നെ കഴിഞ്ഞ പ്രാവശ്യം ഉമ്മന്‍ ചാണ്ടി നേടിയ ഭൂരിപക്ഷം ചാണ്ടി ഉമ്മന്‍ മറികടന്നിട്ടുണ്ട്. ജെയ്ക്ക് സി തോമസിന് വലിയ വോട്ടുകള്‍ പിടിക്കാനായില്ല. എല്‍ഡിഎഫ് ക്യാമ്പുകള്‍ ശോകമൂകമാണ്.

കോട്ടയം ബസേലിയസ് കോളജിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. പത്തോടെ ഫലം അറിയാമെന്നാണു കരുതുന്നത്. 7 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. 72.86% പേര്‍ വോട്ട് ചെയ്‌തെന്ന് ഔദ്യോഗിക കണക്ക്.

ഉമ്മന്‍ ചാണ്ടി മുഖ്യചര്‍ച്ചാവിഷയമായ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ വികസനവും വിവാദങ്ങളും ഒപ്പം ഉയര്‍ന്നിരുന്നു. മുന്‍മുഖ്യമന്ത്രിയുടെ മരണത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ മകന്‍ സ്ഥാനാര്‍ഥിയായി എന്ന അപൂര്‍വതയ്ക്കും പുതുപ്പള്ളി സാക്ഷ്യം വഹിച്ചു. ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനാണ് യുഡിഎഫ് സ്ഥാനാര്‍ഥി. നിയമസഭയിലേക്കു ചാണ്ടി ഉമ്മന്റെ ആദ്യ മത്സരമാണ്.