നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വറിന്റെ ഭാര്യാപിതാവിന്റെ ഭൂമിയിലെ തടയണ പൊളിച്ചു മാറ്റാന്‍ നേതൃത്വം നല്‍കിയ ഏറനാട് തഹസില്‍ദാരെ സ്ഥലംമാറ്റി.
ജില്ല ഭരണകൂടത്തിനു വേണ്ടി തടയണ പൊളിച്ചു മാറ്റുന്ന ജോലികള്‍ക്ക് നേതൃത്വം നല്‍കുന്ന തഹസീല്‍ദാര്‍ പി.ശുഭനേയാണ് സ്ഥലം മാറ്റിയത്. ഹൈക്കോടതി ഉത്തരവാണ് തടയണ പൊളിച്ചുമാറ്റണം എന്നത്. ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷമുള്ള സാധാരണ സ്ഥലംമാറ്റമെന്നാണ് റവന്യൂ കമ്മീഷണറുടെ ഉത്തരവിലുള്ളതെങ്കിലും സ്ഥലം മാറ്റത്തിന്റെ പിന്നില്‍ തടയണ പൊളിക്കാന്‍ നേതൃത്വം നല്‍കിയത് കാരണമായെന്നാണ് അടക്കം പറച്ചില്‍.
പരിസ്ഥിതി ദുര്‍ബല മേഖലയില്‍ ശാസ്ത്രീയമായ പഠനങ്ങളൊന്നും നടത്താതെ നിര്‍മിച്ച തടയണ പൊളിച്ചുമാറ്റണമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. സ്വയം പൊളിച്ചു മാറ്റണമെന്ന് പലവട്ടം ഉടമക്ക് നോട്ടീസ് നല്‍കിയിട്ടും നിര്‍ദേശം പാലിച്ചില്ല. തുടര്‍ന്നാണ് ഹൈക്കോടതിയുടെ ഇടപെടല്‍. തടയണ പൊളിക്കുന്നതിന്റെ ഭാഗമായി മണ്ണു നീക്കി വെള്ളം ഒഴുക്കി വിടാനുള്ള ശ്രമമാണ് നിലവില്‍ നടക്കുന്നത്. തുടര്‍ന്ന് ബോട്ടുജെട്ടിക്ക് വേണ്ടി നിര്‍മിച്ച കോണ്‍ക്രീറ്റ് തുണുകളും റോപ്പ് വേയുടെ ഭാഗങ്ങളും പൊളിച്ചു നീക്കും.
Read more
മലപ്പുറം കക്കാടംപൊയില്‍ ചീങ്കണ്ണിപ്പാലിയിലാണ് അന്‍വറിന്റെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള തടയണയുള്ളത്. അരുവിയുടെ സ്വാഭാവിക ഒഴുക്ക് സാധാരണ ഗതിയിലാക്കി തടയണ സ്ഥിതി ചെയ്യുന്ന സ്ഥലം പഴയ പടിയാക്കിയ ശേഷം റിപ്പോര്‍ട്ട് നല്‍കാനാണ് ഹൈക്കോടതിയുടെ നിര്‍ദേശം.