മുഖ്യമന്ത്രിയോടും സിപിഎമ്മിനോടും പരസ്യ പോരിനിറങ്ങിയ പിവി അന്‍വര്‍ എംഎല്‍എയുടെ നിയമസഭയിലെ ഇരിപ്പിടം മാറ്റി. ഇനി മുതല്‍ പ്രതിപക്ഷത്തിനൊപ്പമായിരിക്കും നിയമസഭയില്‍ പിവി അന്‍വര്‍. സിപിഎം പാര്‍ലമെന്ററികാര്യ സെക്രട്ടറി ടി രാമകൃഷ്ണന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് പിവി അന്‍വറിന്റെ നിയമസഭയിലെ ഇരിപ്പിടം മാറ്റിയത്.
കഴിഞ്ഞ നിയമസഭ സമ്മേളനത്തില്‍ ഭരണപക്ഷത്തിനൊപ്പമായിരുന്നു അന്‍വറിന്റെ സ്ഥാനം. മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്റഫിന് സമീപമാണ് അന്‍വറിന്റെ പുതിയ സ്ഥാനം. അന്‍വര്‍ സിപിഎം അംഗമല്ലാത്തതിനാല്‍ കൂടുതല്‍ നടപടികളിലേക്ക് നീങ്ങാന്‍ സിപിഎമ്മിനും സാധിക്കില്ല. ഇന്നും മുഖ്യമന്ത്രിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായാണ് അന്‍വര്‍ രംഗത്തെത്തിയത്.
മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തിനിടെ ചിരിച്ച സംഭവത്തെയും അന്‍വര്‍ പരിഹസിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ചിരി ഉത്തരമില്ലാത്തതിന്റെ ചിരിയെന്നും എസ്‌കേപ്പിസം എന്നും അന്‍വര്‍ വിമര്‍ശനം ഉന്നയിച്ചു. അതേ സമയം അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.
തനിക്കെതിരായ ആരോപണങ്ങള്‍ പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പി ശശി നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന് വക്കീല്‍ നോട്ടീസ് അയച്ചത്. നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് അന്‍വര്‍ നല്‍കിയ പരാതിയിലെ ആരോപണങ്ങളിലാണ് ഇപ്പോള്‍ നിയമ നടപടിയുമായി പി ശശി രംഗത്തെത്തിയിട്ടുള്ളത്. അന്‍വര്‍ ആരോപണങ്ങള്‍ പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നാണ് വക്കീല്‍ നോട്ടീസിലൂടെ പി ശശി ആവശ്യപ്പെടുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.