ബല്‍റാമിന്റെ പരാമര്‍ശത്തിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കുന്നതിനോട് യോജിപ്പില്ലെന്ന് എസ്എഫ്‌ഐ പ്രസിഡണ്ട്

എ.കെ.ജിയെ കുറിച്ച് വി.ടി ബല്‍റാം എം.എല്‍.എ നടത്തിയ പരാമര്‍ശത്തിന് അതേ രീതിയില്‍ മറുപടി നല്‍കുന്നതിനോട് യോജിപ്പില്ലെന്ന് എസ്.എഫ്.ഐ അഖിലേന്ത്യാ നേതാവ് വി.പി സാനു. ബല്‍റാമിന്റെ പരാമര്‍ശത്തിനെതിരെ അക്രമവും അധിക്ഷേപവും നടത്തുന്നത് ശരിയല്ല. സാമൂഹ മാധ്യമങ്ങളിലുടെ വിവാദമുണ്ടാക്കി ശ്രദ്ധപിടിച്ച് പറ്റുക മാത്രമാണ് ബല്‍റാമിന്റെ ഉദ്ദേശ്യമെന്നും അദ്ദേഹം പറഞ്ഞു.

ഏത് കാര്യങ്ങളിലും അഭിപ്രായം പറയാനുള്ള സ്വാതന്ത്രം എല്ലാവര്‍ക്കുമുണ്ട്. പക്ഷേ അത് മുതലാക്കി ഒരാളെയും അധിക്ഷേപിക്കാന്‍ പാടില്ല. അത്തരത്തില്‍ ആരെങ്കിലും ചെയ്താല്‍ അയാളെ വിമര്‍ശിക്കാം. അതിനും സ്വാതന്ത്യമുണ്ട്. എന്നാല്‍ ഇത്തരത്തില്‍ അഭിപ്രായം പറയുന്നവരെ അക്രമത്തിലൂടെ നേരിടുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

എ.കെ.ജിയെ കുറിച്ച് വി.ടി ബല്‍റാം നടത്തിയ പ്രസ്താവന ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴി തുറന്നിരുന്നു. കഴിഞ്ഞ ദിവസം തൃത്താലയില്‍ വെച്ച് ഇടത്പ്രവര്‍ത്തകര്‍ വി.ടി ബല്‍റാമിന് നേരെ ചീമുട്ടയെറിയുകയും കയ്യേറ്റം ചെയ്യുന്നതുവരെ പ്രശ്‌നങ്ങള്‍ വന്നെത്തിയിരുന്നു.