ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം തീരാൻ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ വാശിയേറിയ പ്രചാരണങ്ങളുമായി മുന്നണികൾ. വയനാട്ടിൽ രാഹുൽ ഗാന്ധി പങ്കെടുത്ത റോഡ് ഷോയിൽ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. ‘ഐ ലവ് വയനാട്’ എന്നെഴുതിയ ടീ ഷര്‍ട്ട് ധരിച്ചാണ് രാഹുൽ ഗാന്ധി ബത്തേരിയിലെ റോഡ് ഷോയിൽ പങ്കെടുത്തത്. റോഡ് ഷോയിൽ കോണ്‍ഗ്രസിന്റെയും ലീഗിന്റെയും മറ്റു യുഡിഎഫ് ഘടകകക്ഷികളുടെയും പതാകകളുമായാണ് പ്രവര്‍ത്തകര്‍ എത്തിയത്.
എൽഡിഎഫ് സ്ഥാനാര്‍ത്ഥി സത്യൻ മോകേരിയും എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസും അവസാനവട്ട പ്രചാരണവുമായി മണ്ഡലത്തിൽ സജീവമാണ്. എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി കൽപ്പറ്റയിലെ കൊട്ടിക്കലാശത്തിൽ പങ്കെടുക്കും. എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസ് കല്‍പ്പറ്റയിലും മാനന്തവാടിയിലും ബത്തേരിയിലും റോഡ്ഷോകളിൽ പങ്കെടുക്കും. സുല്‍ത്താൻ ബത്തേരിയിലാണ് എൻഡിഎയുടെ കൊട്ടിക്കലാശം.
ചേലക്കരയിലെ എൽഡിഎഫ് സ്ഥാനാര്‍ത്ഥി യുആര്‍ പ്രദീപിന്റെ റോഡ് ഷോയിൽ കെ രാധാകൃഷ്ണൻ എംപിയും പങ്കെടുത്തു. റോഡ് ഷോയും ഗൃഹസന്ദര്‍ശനവുമൊക്കെയായി സജീവമായ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസും തികഞ്ഞ വിജയ പ്രതീക്ഷയാണ് പങ്കുവെച്ചത്. ഒരു മാസത്തോളം നീണ്ട വീറും വാശിയും നിറഞ്ഞ ചേലക്കരയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ഇന്ന് കൊട്ടിക്കലാശമാകുന്നത്.
Read more
ഭരണ നേട്ടങ്ങൾ ഉയർത്തിക്കാട്ടി ,വിവാദങ്ങളിൽ കരുതലോടെ പ്രതികരിച്ചുമായിരുന്നു സിറ്റിംഗ് സീറ്റ് നിലനിർത്താനുള്ള ഇടതുമുന്നണി പ്രചാരണം. ഭരണ വിരുദ്ധ വികാരത്തിലൂന്നി, നേതാക്കൾ മുഴുവൻ സമയവും ബൂത്ത് തലം വരെ കേന്ദ്രീകരിച്ച് പ്രവർത്തിച്ചുമായിരുന്നു യുഡിഎഫ് ക്യാമ്പ് നീങ്ങിയത്. വൈകിട്ട് ചേലക്കര ടൗണിലാണ് മൂന്ന് സ്ഥാനാർത്ഥികളും പങ്കെടുത്തുള്ള കൊട്ടിക്കലാശം. രമ്യ ഹരിദാസിനൊപ്പം കെപിസിസി അധ്യക്ഷൻ കെ സുധാകരനും, യുആര്‍ പ്രദീപിനായി പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി സരിനും കൊട്ടിക്കലാശത്തിൽ അണിനിരക്കും.