കൊള്ളരുതായ്മകള്‍ക്കും അഴിമതിക്കും കൂടെ നില്ക്കാത്ത ഉദ്യോഗസ്ഥരെ മനോവീര്യം കെടുത്തി അടിമകളാക്കുന്നു; പിപി ദിവ്യക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

കണ്ണൂരില്‍ സിപിഎമ്മിന്റെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ അധിക്ഷേപത്തില്‍ മനം നൊന്ത് എഡിഎമ്മിന് ആത്മഹത്യ ചെയ്യേണ്ടി വന്നത് ഏറെ ഖേദകരമായ സംഭവമാണെന്ന് മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖര്‍. ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണക്കും നരഹത്യക്കും കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

യാത്രയയപ്പ് ചടങ്ങിലേക്ക്പി.പി ദിവ്യ ക്ഷണിക്കാതെയെത്തിയത് നവീന്‍ ബാബുവിനെ കരുതിക്കൂട്ടി ആക്ഷേപിക്കാന്‍ വേണ്ടി മാത്രമായിരുന്നു. സഹപ്രവര്‍ത്തകരുടെ മുന്നില്‍ വച്ചുള്ള അപമാനത്തില്‍ മനം നൊന്താണ് നവീന്‍ ബാബു ജീവനൊടുക്കിയത്.
തങ്ങളുടെ കൊള്ളരുതായ്മകള്‍ക്കും അഴിമതിക്കും കൂടെ നില്ക്കാത്ത ഉദ്യോഗസ്ഥരെ മനോവീര്യം കെടുത്തി അടിമകളാക്കുക. എന്നിട്ടും വഴങ്ങാത്തവരെ പരസ്യമായി അപമാനിച്ച് നാണം കെടുത്തുക. ഔദ്യോഗികമായും അല്ലാതെയും പല രീതിയില്‍ വേട്ടയാടുക. സിപിഎം ഭരിക്കുന്ന കേരളത്തില്‍ ഇതൊക്കെ പതിവായിരിക്കുകയാണ്. ഗുരുതരമായ ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പി പി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു. ആഭ്യന്തരം കയ്യാളുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ അവര്‍ക്കെതിരെ നടപടിയെടുക്കാനുള്ള ആര്‍ജ്ജവം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.