സുരക്ഷിതമായ തൊഴിലിടവും തൊഴിലന്തരീക്ഷവും സൃഷ്ടിക്കുന്നതില്‍ സിനിമാ മേഖലയിലെ സംഘടനകളായ ‘അമ്മ’ ഉള്‍പ്പെടെ ഉള്ളവര്‍ പരാജയപ്പെട്ടെന്ന് മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഭയമില്ലാതെ, സുരക്ഷിതമായി തൊഴിലെടുക്കാനുള്ള സാഹചര്യം സൃഷ്ടിക്കുന്നത് അവരുടെ ഉത്തരവാദിത്തമായിരുന്നു. സിനിമാ പ്രവര്‍ത്തകരായ സ്ത്രീകളെ സംരക്ഷിക്കേണ്ടത് അവരുടെ ബാധ്യതയും അധികാരവുമായിരുന്നു. എന്നാല്‍ അക്കാര്യത്തില്‍ അവര്‍ വേണ്ടത്ര ശ്രദ്ധ കേന്ദ്രീകരിച്ചില്ലന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
കേരളത്തിലെ സിനിമാ വ്യവസായത്തിലെ അധികാരത്തിന്റെ അസമത്വങ്ങള്‍ ഹേമകമ്മിറ്റി തുറന്നുകാട്ടുകയും ദുര്‍ബലരായ സ്ത്രീ സിനിമാ പ്രവര്‍ത്തകരെ ചിലരെല്ലാം ചൂഷണം ചെയ്യുന്നത് അവരുടെ തന്നെ മൊഴികളുടെ അടിസ്ഥാനത്തില്‍ തുറന്നു കാട്ടുകയും ചെയ്തു. അധികാരത്തിന്റെ മറവില്‍ ഏതാനും ആള്‍ക്കാര്‍ സ്ത്രീകളെ ദുരുപയോഗം ചെയ്യുകയാണ്. ഇത് വേഗത്തിലും സുതാര്യമായും ന്യായമായും നിയമപ്രകാരം അന്വേഷിക്കുകയും കുറ്റവാളികള്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പാക്കുകയും വേണം.
ഇന്ത്യയിലെവിടെയും സ്ത്രീകള്‍ക്ക് സുരക്ഷിതവും ചൂഷണരഹിതവുമായ തൊഴില്‍ സ്ഥലങ്ങളില്‍ ജോലി ചെയ്യാനുള്ള അവകാശമുണ്ട്. അവര്‍ ഏത് തൊഴിലില്‍ ഏര്‍പ്പെട്ടാലും അവരുടെ മൗലികാവകാശമാണത്. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ വനിതാ സംവരണ ബില്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ സ്ത്രീ ശാക്തീകരണത്തിനും സുരക്ഷയ്ക്കുമായുള്ള ഉദ്യമങ്ങള്‍ ഗണ്യമായി പുരോഗമിക്കുകയുണ്ടായിട്ടുണ്ട്. എന്നാല്‍ ഇനിയും ഒട്ടേറെ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
Read more
കൊല്‍ക്കത്തയിലെ ബലാത്സംഗവും സമീപകാല ഹേമകമ്മിറ്റി റിപ്പോര്‍ട്ടും ചൂണ്ടിക്കാട്ടുന്നതു പോലെ പുരുഷ വേട്ടക്കാര്‍ ഇരകളെ പീഡിപ്പിക്കുന്നത് തുടരുന്നു. ഈ സാഹചര്യത്തിന് മാറ്റം വരിക തന്നെ വേണം. സിനിമാ സംഘടനകള്‍ക്ക് ഇക്കാര്യത്തില്‍ ഒളിച്ചോടാനാകില്ല. അത്തരം കുറ്റകൃത്യങ്ങള്‍ കണ്ടില്ലന്ന് നടിക്കുന്നതും കുറ്റവാളികളെ സംരക്ഷിക്കുന്നതും കേരളത്തിലെ സിനിമാ വ്യവസായത്തെ തന്നെ തകര്‍ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കുറ്റവാളികള്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ കര്‍ശന നടപ്പികള്‍ മുഖം നോക്കാതെ കൈക്കൊള്ളണമെന്നും രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു.