തൃശൂരിലെ തോല്‍വി അപ്രതീക്ഷിതമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സുരേഷ് ഗോപി ലീഡ് നിലനിര്‍ത്തുന്നതിനിടെയാണ് ചെന്നിത്തലയുടെ പ്രതികരണം. എന്നാല്‍ ബിജെപിക്കൊപ്പം ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ഇന്ത്യാസഖ്യം. അതിനാല്‍ ‘ഇസ് ബാര്‍ ചാര്‍ സൗ പാര്‍’ എന്ന നരേന്ദ്രമോദിയുടെ വീമ്പളക്കല്‍ അസ്ഥാനത്താണെന്നും നേതാവ് രമേശ് ചെന്നിത്തല ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
എക്‌സിറ്റ് പോള്‍ ആയിരം പേരുടെ കൈയ്യില്‍ നിന്നും അഭിപ്രായം എടുത്തിട്ട്, പത്തു ലക്ഷം വോട്ടര്‍മാരുള്ള ഒരു മണ്ഡലത്തെ പ്രവചിക്കാന്‍ കഴിയില്ല. എക്‌സിറ്റ് പോള്‍ അംഗീകരിക്കാന്‍ കഴിയുന്ന ഒന്നല്ല എന്ന് ആദ്യം തന്നെ ഞാന്‍ പറഞ്ഞിരുന്നു. ഇന്ത്യയുടെ ചിത്രം തന്നെ മാറുകയാണ്. ഇവിടെ 400 സീറ്റുകളില്‍ അധികം ‘ഇസ് ബാര്‍ ചാര്‍ സൗ പാര്‍’ എന്ന് പറഞ്ഞ് നരേന്ദ്ര മോദിയുടെ വീമ്പളക്കല്‍ എല്ലാം അസ്ഥാനത്താണെന്ന് ഇപ്പോള്‍ ബോധ്യമായല്ലോ.
മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസും എന്‍സിപിയും ശിവസേനയും അതിനെ ഒരുമിച്ച് നിര്‍ത്തി മുന്നണി ഭദ്രമാക്കി കൊണ്ട് പോവാനുള്ള കഠിനമായ പരിശ്രമമായിരുന്നു നാല് മാസമായി ഞാന്‍ നടത്തിയത്. ബംഗാളില്‍ മമത ബാനര്‍ജി ജയിക്കുകയാണെങ്കില്‍ അവര്‍ ബിജെപിക്കൊപ്പം പോകില്ല, ഇന്ത്യാസഖ്യത്തോടൊപ്പം നില്‍ക്കും. അതുപോലെ ഒറീസയില്‍ നവീന്‍ പട്‌നായ്കര്‍ ബിജെപിയോടൊപ്പം പോകില്ല. അതുപോലെ വിവിധ സംസ്ഥാനങ്ങളില്‍ ജയിച്ചു വരുന്നവര്‍ ഇന്ത്യാ മുന്നണിയില്‍ എത്തും.
റിസല്‍ട്ട് മുഴുവന്‍ വരട്ടെ, എന്‍ഡിഎക്ക് രണ്ട് സീറ്റ് കിട്ടുമോ എന്ന കാര്യം കണ്ട് അറിയേണ്ടി വരും. തൃശൂരിലെ ഞങ്ങളുടെ പരാജയം അപ്രതീക്ഷിതമാണ്. മുരളീധരന്‍ വിജയിക്കുമെന്ന പ്രതീക്ഷ ആയിരുന്നു ഞങ്ങള്‍ക്ക് ഉണ്ടായിരുന്നത്. അതിന്റെ കാരണങ്ങള്‍ ഇനി പരിശോധിക്കേണ്ടതുണ്ട്. ബിജെപിയും സിപിഎമ്മും തമ്മിലുള്ള ഒരു ധാരണ കേരളത്തില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്നു. അത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്ന സഖ്യമാണ്.
Read more
അത് ഇപ്പോഴും തുടരുന്നുണ്ട് എന്നാണ് ട്രെന്‍ഡ് കാണുമ്പോള്‍ മനസിലാകുന്നത്. ഭൂരിപക്ഷമുള്ള ഗവണ്‍മെന്റിനെ പോലും താഴെ ഇറക്കുന്ന നടപടി സ്വീകരിക്കുന്ന പാര്‍ട്ടിയാണ് ബിജെപി. മഹാരാഷ്ട്രയില്‍ തന്നെ ഉദ്ധവ് താക്കറെയെ കുതിരക്കച്ചവടത്തിലൂടെയാണ് താഴെയിറക്കിയത്. അതിന്റെ പ്രതിഫലനം കൂടിയാണ് ഇന്ന് മഹാരാഷ്ട്രയില്‍ കാണാനാവുന്നത് എന്നാണ് രമേശ് ചെന്നിത്തല പറയുന്നത്.