കേരളവര്‍മ കോളജില്‍ റീ ഇലക്ഷന്‍ നടത്തണം; സമരമുഖം തുറന്ന് കെഎസ്‌യു; കോര്‍പ്പറേഷന്‍ ഓഫിസിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ച് സംസ്ഥാന പ്രസിഡന്റ്

കേരളവര്‍മ കോളജ് തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്ന് ആരോപിച്ച് പ്രതിഷേധ സമരങ്ങള്‍ തുടരാന്‍ കെഎസ്‌യു. റീ കൗണ്ടിങ്ങില്‍ കെഎസ്‌യുവിനു ചെയര്‍മാന്‍ സ്ഥാനം നഷ്ടമായതില്‍ കൃത്രിമം നടന്നുവെന്നാണ് വിദ്യാര്‍ത്ഥി യൂണിയന്‍ ആരോപിക്കുന്നത്.

ഇതില്‍ പ്രതിഷേധിച്ച് ഇന്നലെ രാത്രി ഏഴുമണി മുതല്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ ഓഫിസിനു സമീപം കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. ജനാധിപത്യത്തെ തച്ചുതകര്‍ക്കുന്ന പ്രവണതകളെ പ്രോത്സാഹിപ്പിക്കാനാകില്ലെന്നു കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് എം.ജെ. യദുകൃഷ്ണനും വ്യക്തമാക്കി.

എസ്എഫ്‌ഐ പാദസേവകരായ മാഷന്‍മാര്‍ ഇരുട്ടത്ത് പലകുറി വോട്ടെണ്ണി സ്വന്തം ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയെ ‘ജയിപ്പിച്ചെടുത്തു’. കോളജ് മാനേജര്‍ കൂടിയായ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ ഒത്താശ കൂടിയായപ്പോള്‍ നാടകം ഉഷാറായി. അല്‍പ്പത്തരത്തിന്റെ ആശാന്‍മാരായ സഖാക്കളില്‍ നിന്ന് ഇതിലപ്പുറം ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. പക്ഷെ കേരളവര്‍മ്മ കോളജില്‍ വിദ്യാര്‍ത്ഥികള്‍ തെരഞ്ഞെടുത്ത ചെയര്‍മാന്‍ ശ്രീകുട്ടന്‍ തന്നെയാണ്. അതില്‍ തര്‍ക്കമേതുമില്ല. നീതി ലഭിക്കും വരെ സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനം. കാമ്പസില്‍ റീ ഇലക്ഷന്‍ നടത്തണം എന്നാവശ്യപ്പെട്ടാണ് അനിശ്ചിതകാല നിരാഹാര സമരമെന്ന് കഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.

ആദ്യഘട്ട വോട്ടെണ്ണലില്‍ ശ്രീക്കുട്ടന്‍ ഒരു വോട്ടിനു ജയിച്ചതോടെ സമൂഹമാധ്യമങ്ങളില്‍ കെഎസ്യു പ്രവര്‍ത്തകരും കോണ്‍ഗ്രസ് നേതാക്കളും വന്‍ ആഘോഷം നടത്തിയിരുന്നു. ഇതിനിടെയാണു, രാത്രി വൈകി നടന്ന റീ കൗണ്ടിങ്ങില്‍ എസ്എഫ്‌ഐ സ്ഥാനാര്‍ഥി അനിരുദ്ധന്‍ വിജയിച്ചതായി പ്രഖ്യാപിച്ചത്. ഇതോടെയാണ് സംഭവം വിവാദമായത്.

പ്രതിപക്ഷ നേതാവ് കെഎസ്‌യുവിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.
ജയിച്ച ശ്രീകുട്ടനെ ഇവര്‍ തോല്‍പ്പിച്ചു. ശ്രീകുട്ടന്റെ കണ്ണിലാണ് ഇരുട്ട്. പക്ഷെ ഈ ക്രൂരകൃത്യം ചെയ്തവരുടെ മനസിലാണ് ഇരുട്ടെന്ന് കേരളത്തിന് ബോധ്യമായി. ഇതിനെ നിയമപരമായി കെഎസ്‌യു നേരിടും. അതിന് ആവശ്യമായ എല്ലാ പിന്തുണയും കോണ്‍ഗ്രസ് നല്‍കും. ഏത് ഹീനമായ മാര്‍ഗവും ഉപയോഗിച്ച് കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ പോലും വൃത്തികേട് കാണിക്കാന്‍ തയാറായി നില്‍ക്കുന്ന പാര്‍ട്ടിയും അതിന്റെ നേതാക്കളുമാണ് കേരളത്തിലെ സിപിഎമ്മനുള്ളതെന്ന് വിഡി സതീശന്‍ പറഞ്ഞു.