വനിത പൊലീസുകാരുടെ റിയല്‍ എസ്റ്റേറ്റ് ഗുണ്ടാസംഘം; ഒരിടവേളയ്ക്ക് ശേഷം ഗുണ്ടുകാട് സാബു തിരുവനന്തപുരത്ത് സജീവമാകുന്നു

തിരുവനന്തപുരത്ത് രണ്ട് വനിത പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഗുണ്ടാസംഘം വീണ്ടും റിയല്‍ എസ്റ്റേറ്റില്‍ സജീവമാകുന്നു. നേരത്തെ വിഴിഞ്ഞം തുറമുഖ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ ഗുണ്ടാസംഘങ്ങള്‍ റിയല്‍ എസ്‌റ്റേറ്റില്‍ പിടിമുറുക്കാന്‍ ശ്രമിച്ചെങ്കിലും പൊലീസ് അടിച്ചമര്‍ത്തുകയായിരുന്നു. എന്നാല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ കൂടി ഉള്‍പ്പെട്ട പരാതിയാണ് ഒടുവിലായി പുറത്തുവന്നിരിക്കുന്നത്.

തിരുവനന്തപുരത്തെ രണ്ട് വനിത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കാട്ടായിക്കോണം സ്വദേശി ആതിര പരാതി നല്‍കിയിരിക്കുന്നത്. റിയല്‍ എസ്‌റ്റേറ്റ് ബിസിനസിന്റെ മറവില്‍ സൗഹൃദം നടിച്ച് 19 ലക്ഷം രൂപ പേയാട് സ്വദേശികളായ സംഗീത, സഹോദരി സുനിത എന്നീ വനിത പൊലീസ് ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തതായാണ് പരാതി.

ആതിരയുടെ പരാതിയില്‍ പോത്തന്‍കോട് പൊലീസ് കേസെടുത്തു. മാസങ്ങള്‍ കഴിഞ്ഞിട്ടും വസ്തുവോ പണമോ തിരികെ നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു. ആതിര പണം തിരികെ ആവശ്യപ്പെട്ടതോടെ പൊലീസ് ഉദ്യോഗസ്ഥര്‍ പരാതിക്കാരിയ്ക്ക് ക്വട്ടേഷന്‍ നല്‍കി. തുടര്‍ന്ന് ആതിരയെ തേടിയെത്തിയത് തിരുവനന്തപുരത്തെ കുപ്രസിദ്ധ ഗുണ്ട ഗുണ്ടുകാട് സാബുവിന്റെ ഫോണ്‍ കോളായിരുന്നു.

പണം തിരികെ ആവശ്യപ്പെടരുതെന്ന് ഗുണ്ടുകാട് സാബു ഭീഷണിപ്പെടുത്തിയതായി ആതിരയുടെ പരാതിയില്‍ പറയുന്നു. പണം തട്ടിയെടുത്തതിനും ഭീഷണിപ്പെടുത്തിയതിനും പോത്തന്‍കോട് പൊലീസ് കേസെടുത്തു. സംഗീത ,സുനിത, ഗുണ്ടുകാട് സാബു സുനിതയുടെ ഭര്‍ത്താവും സൈനികനുമായ ജിപ്‌സണ്‍ രാജ്, ശ്രീകാര്യം സ്വദേശി ആദര്‍ശ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. സംഗീത വിഴിഞ്ഞം കോസ്റ്റല്‍ സ്റ്റേഷനിലും സുനിത തൃശൂര്‍ വനിത സെല്ലിലേയും പൊലീസുകാരാണ്.