പണം വാഗ്ദാനം ചെയ്ത് ആളെക്കൂട്ടി, പിന്നാലെ പണത്തിന് പകരം ഭീഷണി; അന്‍വറിന്റെ റോഡ് ഷോയില്‍ പങ്കെടുത്തവര്‍ക്ക് നേരെ പ്രവര്‍ത്തകരുടെ ഭീഷണി

പാലക്കാട് മണ്ഡലത്തില്‍ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ നടത്തിയ റോഡ് ഷോയില്‍ ഏജന്റ് എത്തിച്ചതാണെന്ന വെളിപ്പെടുത്തല്‍ നടത്തിയ സ്ത്രീകള്‍ക്ക് നേരെ ഭീഷണിയെന്ന് പരാതി. പണം വാഗ്ദാനം ചെയ്താണ് തങ്ങളെ എത്തിച്ചതെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരിച്ച സ്ത്രീകള്‍ക്കെതിരെയാണ് അന്‍വറിന്റെ ഡിഎംകെ പ്രവര്‍ത്തകരുടെ ഭീഷണി.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതോടകം പുറത്തുവന്നിട്ടുണ്ട്. വയസായിപ്പോയി അല്ലെങ്കില്‍ ഇതിനുള്ള പണി തങ്ങള്‍ എടുത്തേനെ എന്നാണ് റോഡ് ഷോയില്‍ പങ്കെടുത്ത പ്രായമായ സ്ത്രീകളെ അന്‍വറിന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയത്. അന്‍വര്‍ റോഡ് ഷോയില്‍ കൂലിക്ക് ആളിനെ ഇറക്കിയ സംഭവം മാധ്യമങ്ങളിലൂടെയാണ് പുറംലോകം അറിഞ്ഞത്.

സിനിമ ഷൂട്ടിംഗിന് പോകുന്നവരാണ് തങ്ങളെന്നും ഏജന്റാണ് പ്രകടനത്തിന് വിളിച്ചതെന്നും റോഡ് ഷോയില്‍ പങ്കെടുത്ത ചില സ്ത്രീകള്‍ വെളിപ്പെടുത്തിയിരുന്നു. ഇതില്‍ പലര്‍ക്കും അന്‍വര്‍ ആരെന്ന് പോലും അറിയില്ല. നേരത്തെ ഗുരുവായൂര്‍ അമ്പലനടയില്‍ ഉള്‍പ്പെടെയുള്ള സിനിമകളുടെ ഷൂട്ടിംഗിന് പോയിട്ടുണ്ടെന്നും സ്ത്രീകള്‍ വെളിപ്പെടുത്തിയിരുന്നു.

Read more

ഇതിന് പിന്നാലെ പരിഹാസം ശക്തമായതോടെ മറുപടിയുമായി നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ രംഗത്തെത്തിയിരുന്നു. സംഭവത്തിന് പിന്നില്‍ സിപിഎം ആണെന്നായിരുന്നു അന്‍വറിന്റെ ആരോപണം. സിപിഎം ആണ് ആളുകള്‍ കൂലിക്ക് വന്നതെന്ന് ആരോപിക്കുന്നതെന്നും അന്‍വര്‍ പറഞ്ഞു.