ഖേദം പ്രകടിപ്പിക്കാം, സാംസ്‌കാരിക പരിപാടിയാണെന്ന് മനസ്സിലാക്കിയാണ് പങ്കെടുത്തത് : കെ.എന്‍.എ ഖാദര്‍

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത സംഭവം വിവാദമായതിനെ തുടര്‍ന്ന് പാര്‍ട്ടിക്ക് വിശദീകരണം നല്‍കി മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ.എന്‍.എ ഖാദര്‍. സാംസ്‌കാരിക പരിപാടിയാണെന്ന് മനസ്സിലാക്കിയാണ് കേസരി വാരിക സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തത്. സംഭവം പാര്‍ട്ടിക്ക് പ്രയാസം ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കാമെന്നും അദ്ദേഹം അറിയിച്ചു.

വിഷയത്തില്‍ പാര്‍ട്ടി എന്ത് നിലപാട് സ്വീകരിച്ചാലും അത് അംഗീകരിക്കുമെന്നും കെഎന്‍എ ഖാദര്‍ വ്യക്തമാക്കി. വിശദീകരണം പരിശോധിച്ചതിന് ശേഷം നേതൃത്വം തുടര്‍നടപടികള്‍ സ്വീകരിക്കും. ചാലപ്പുറത്ത് ആര്‍.എസ്.എസ് മുഖപത്രമായ കേസരിയുടെ ആസ്ഥാനത്ത് ചുവര്‍ശില്‍പം അനാച്ഛാദനം ചെയ്തശേഷം നടന്ന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയത് കെ.എന്‍.എ ഖാദറായിരുന്നു. എല്ലാ മതങ്ങളെയും കുറിച്ച് പഠിക്കാന്‍ ശ്രമിച്ചാല്‍ മതത്തിന്റെ പേരില്‍ മനുഷ്യര്‍ക്കിടയിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതിനെ തുടര്‍ന്ന കെഎന്‍എ ഖാദറിന് എതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. അച്ചടക്ക ബോധമുള്ള പാര്‍ട്ടിക്കാരാകുമ്പോള്‍ ആരെങ്കിലും വിളിച്ചാല്‍ അപ്പോഴേക്കും പോകേണ്ട. എവിടേക്ക് പോകുമ്പോഴും വരുമ്പോഴും നാം നോക്കണം. നമുക്ക് അങ്ങോട്ടു പോകാന്‍ പറ്റുമോ എന്ന് ചിന്തിക്കണം. അതിന് സാമുദായികമായ പ്രത്യേകതകള്‍ നോക്കേണ്ടി വരും. രാജ്യസ്നേഹപരമായ പ്രത്യേകതകള്‍ നോക്കേണ്ടി വരും. സാമൂഹികമായ പ്രത്യേകതകള്‍ നോക്കേണ്ടി വരും. അതല്ലാതെ ആരെങ്കിലും വിരുന്നിന് വിളിച്ചാല്‍ അപ്പത്തന്നെ പോകേണ്ട കാര്യം മുസ്ലീംലീഗുകാരെ സംബന്ധിച്ചില്ലെന്നും സംഭവത്തില്‍ ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

അതേസമയം ലീഗ് നേതൃത്വത്തിന്റെ നിലപാടിനെ വിമര്‍ശിച്ച് ബിജെപി നേതാക്കളും രംഗത്തെത്തിയിരുന്നു. മുസ്ലീം ലീഗ് പുറത്താക്കിയാല്‍ കെഎന്‍എ ഖാദര്‍ അനാഥനാകില്ല. ദേശീയ രാഷ്ട്രീയത്തില്‍ പ്രാധാന്യമുളള വ്യക്തിയാണ് അദ്ദേഹം. ഇപ്പോഴത്തെ വിവാദങ്ങള്‍ അനാവശ്യമാണ്. വിവരവും വിദ്യാഭ്യാസവുമുള്ള നേതാവാണ് കെ.എന്‍.എ ഖാദര്‍. ഏത് വിഷയത്തെ കുറിച്ചും നന്നായി സംസാരിക്കും. വേദങ്ങളെ കുറിച്ച് ആഴത്തില്‍ പഠിച്ച ആളാണ്. അദ്ദേഹത്തോട് കളിക്കാന്‍ നില്‍ക്കേണ്ട എന്നാണ് ലീഗുകാരോട് പറയാനുള്ളതെന്നും ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി.അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു.