പ്രളയം തകർത്ത വയനാട്ടിലെ ജനങ്ങളുടെ പുനരധിവാസം വേഗത്തിലാക്കണമെന്ന് പ്രിയങ്ക ഗാന്ധി എംപി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ദുരന്ത ബാധിതർക്കായി ഒന്നും ചെയ്യുന്നില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പ് വിജയത്തിൽ നന്ദി അറിയിക്കാൻ വയനാട് പാർലമെൻ്റ് മണ്ഡലത്തിൽ രണ്ടു ദിവസത്തെ സന്ദർശനത്തിനെത്തിയ പ്രിയങ്ക മാനന്തവാടിയിലെ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു.
പുനരധിവാസത്തിൽ രാഷ്ട്രീയം കലർത്തുന്നത് ശരിയല്ലെന്നും പ്രിയങ്ക പറഞ്ഞു. ദുരന്തം ഉണ്ടായപ്പോൾ ജനങ്ങൾ ഒരുമിച്ച് നിന്നതുപോലെ രാഷ്ട്രീയ പ്രവർത്തകരും ഒരുമിച്ച് നിൽക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഇന്ത്യയിലെ ഓരോ പൗരന്റെയും തുല്യത തങ്ങൾ ഉറപ്പു നൽകുന്നു. വന്യജീവി സംഘർഷം, രാത്രിയാത്ര നിരോധനം, ആദിവാസി മേഖലകളിലെ പ്രശ്നം എല്ലാം പരിഹരിക്കപ്പെടണമെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു. വയനാടിന്റെ വിനോദ സഞ്ചാരമേഖല, കാർഷികവൃത്തി, ഭക്ഷ്യ സുരക്ഷ എന്നിവയ്ക്കെല്ലാം മുൻഗണന നൽകുമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
അതേസമയം കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി കഠിനമായി പ്രയത്‌നിക്കാനാണ് പോകുന്നതെന്ന് വണ്ടൂരിൽ ഒരുക്കിയ സ്വീകരണ സമ്മേളനത്തിൽ പ്രിയങ്ക പറഞ്ഞിരുന്നു. രാത്രി യാത്രാ പ്രശ്‌നവും വന്യജീവി പ്രശ്‌നങ്ങളും തനിക്ക് അറിയാമെന്നും പ്രശ്‌നങ്ങൾ എല്ലാം പരിഹരിക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു. ബിജെപി വിഭജനത്തെ കുറിച്ച് സംസാരിക്കുമ്പോൾ നമ്മൾ ഐക്യത്തെക്കുറിച്ച് സംസാരിക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.