വന്യമൃഗങ്ങളെ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടു; ലോകസഭാ തിരഞ്ഞെടുപ്പ് ഉണ്ടെന്ന് ഓര്‍മ്മ വേണം; സര്‍ക്കാരിനെതിരെ മാനന്തവാടി ബിഷപ്പും മാര്‍ത്തോമ സഭയും

വന്യമൃഗ ശല്യം പരിഹരിക്കുന്നതില്‍ ഭരണാധികാരികള്‍ പരാജയപ്പെടുന്നുവെന്ന് മാനന്തവാടി ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം. മനുഷ്യ ജീവനുണ്ടാകുന്ന നഷ്ടം പണം നല്‍കി പരിഹരിക്കാനാകില്ല. വിഷയം വയനാട്ടില്‍ നിന്നുള്ള ജനപ്രതിനിധികള്‍ നിയമസഭയിലും ലോക്‌സഭയിലും ഉന്നയിക്കണം. കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച അജീഷിന്റെ സംസ്‌കാര ചടങ്ങുകളുടെ ഭാഗമായുള്ള ശുശ്രൂഷയിലാണ് ബിഷപ്പിന്റെ രൂഷമായി വിമര്‍ശിച്ചത്.

കാട്ടാന ആക്രമണത്തില്‍ സര്‍ക്കാരിനെതിരെ മാര്‍ത്തോമ സഭാധ്യക്ഷന്‍ ഡോ. തിലഡോഷ്യസ് മെത്രാപൊലീത്തയും വിമര്‍ശനം ഉന്നയിച്ചു. സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം ഉള്ളപ്പോഴും ജീവന്‍ കൈമോശം വരുന്ന സാഹചര്യമാണ് ഉള്ളത്. എത്ര പണം നഷ്ടപരിഹാരം കൊടുക്കാന്‍ കഴുയുമെന്നല്ല ചിന്തിക്കേണ്ടതെന്ന് പറഞ്ഞ തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപൊലിത്ത, തൊട്ടടുത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഉണ്ടെന്നും ഓര്‍മ്മപ്പെടുത്തിയിരുന്നു.

നേരത്തെ, വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ മനുഷ്യജീവന്‍ നഷ്ടപ്പെടുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നു സിറോമലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ വ്യക്തമാക്കിയിരുന്നു. മാനന്തവാടിയില്‍ പടമല പനച്ചിയില്‍ അജി എന്ന കുടുംബനാഥനെ കാട്ടാന ആക്രമിച്ചുകൊലപ്പെടുത്തിയ സംഭവം കേരളത്തിന് അപമാനമാണ്.

Read more

പ്രിയപ്പെട്ടവര്‍ നോക്കിനില്ക്കവേയാണ് അജി അതിദാരുണമായി കൊല്ലപ്പെട്ടത്. വന്യമൃഗങ്ങള്‍ മനുഷ്യരുടെ വാസസ്ഥലങ്ങളില്‍ ഇറങ്ങി അക്രമംകാണിക്കുന്നതു തടയാന്‍ ഫലപ്രദമായ നടപടികള്‍ ഉത്തരവാദിത്വപ്പെട്ടവര്‍ സ്വീകരിക്കാത്തതിനാലാണ് ഒരു ജീവന്‍കൂടി നഷ്ടമായത്. റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയാണ് ജനവാസ മേഖലയില്‍ അഴിഞ്ഞാടിയത്. ഇതുമായി ബന്ധപ്പെട്ട് വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ മാതൃകപരമായ നടപടി സ്വീകരിക്കണമെന്നും അദേഹം പറഞ്ഞു.