എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷന് കൊച്ചി രാജാവിന്റെ പേര് നല്‍കാനുള്ള പ്രമേയം രാജഭക്തി കാരണമല്ലെന്ന് കൊച്ചി മേയര്‍ അനില്‍കുമാര്‍. കൊച്ചി രാജാവായിരുന്ന രാമവര്‍മ്മന്റെ പേര് നല്‍കാന്‍ തീരുമാനിച്ചത് പൈതൃകം മനസിലാക്കാനാണെന്നും അനില്‍കുമാര്‍ പറഞ്ഞു. രാജസ്വത്ത് വിറ്റ് വികസനം കൊണ്ടുവന്ന രാജാവാണ് രാമവര്‍മ്മനെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.
പേര് മാറ്റുന്നത് രാജഭക്തിയല്ല. അടിസ്ഥാന സൗകര്യത്തിലെ വികസനമാണ് രാജ്യം രാജഭരണത്തില്‍ നിന്നും ജനാധിപത്യത്തിലേക്ക് മാറിയതിലും ഫ്യൂഡലിസത്തില്‍ നിന്ന് മുതലാളിത്തത്തിലേക്ക് മാറുന്നതിന് പിന്നിലും ഏറ്റവും അടിസ്ഥാനപരമായ കാര്യം. അത്തരത്തിലൊരു വികസനത്തിന് രാജാവ് തന്നെ നേതൃത്വം നല്‍കിയതിന്റെ ഉദാഹരണമാണ് കൊച്ചിരാജാവിന്റെ നിലപാടെന്നും അനില്‍കുമാര്‍ അഭിപ്രായപ്പെട്ടു.
Read more
ഒരു റെയില്‍വേ സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതിന് പിന്നില്‍ കൊച്ചിരാജാവിന്റെ ദീര്‍ഘകാല ശ്രമമുണ്ട്. അത്തരത്തിലൊരാളുടെ പേര് നേരത്തേ വരേണ്ടതാണ്. അതിനാലാണ് എറണാകുളം ജംഗ്ഷന് രാമവര്‍മ്മന്റെ പേരിടണമെന്ന് പറയുന്നത്. അതൊരിക്കലും രാജഭരണത്തോടുള്ള ഭക്തിയല്ല. ഒരു രാജഭരണത്തിന്റെ പുരോഗമനപരമായ മുഖം സാധാരണ മനുഷ്യര്‍ മനസ്സിലാക്കുന്നതിന് വേണ്ടിയുള്ള നിലപാടാണ്. പൈതൃകം മനസ്സിലാക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണെന്നും അനില്‍കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.