സംസ്ഥാനത്ത് ഇക്കുറി അധിക മഴ ഉണ്ടാകുന്ന സ്ഥിതി വിശേഷമില്ലെന്ന് റവന്യൂ മന്ത്രി കെ.രാജന്‍. ജൂലൈ 13ന് ശേഷം മഴ വീണ്ടും സജീവമാകുമെന്നും സംസ്ഥാനത്ത് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കണ്‍ട്രോള്‍ റൂം സജ്ജമാക്കിയതായും മന്ത്രി അറിയിച്ചു.
ആവശ്യമെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കാന്‍ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. സംസ്ഥാനത്താകെ നാലു ലക്ഷം പേരെ പാര്‍പ്പിക്കാന്‍ 3,071 കെട്ടിടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ സജ്ജമാണെന്നും അവധിയെടുത്ത് പോയ ഉദ്യോഗസ്ഥരോട് തിരിച്ചെത്താന്‍ നിര്‍ദേശം നല്‍കിയതായും റവന്യൂ മന്ത്രി അറിയിച്ചു.
കേരളത്തില്‍ അടുത്ത 4 ദിവസം ഇടി മിന്നലൊടു കൂടിയ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്ത് നിന്ന് തെക്കോട്ടു മാറി സജീവമായിട്ടുണ്ട്. തെക്കന്‍ മഹാരാഷ്ട്ര തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ ന്യുനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നുണ്ട്.
Read more
തെക്കന്‍ ഒഡിഷ – വടക്കന്‍ ആന്ധ്രാ പ്രദേശ് തീരത്തിനു സമീപം മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലിനു മുകളില്‍ ചക്രവാതചുഴിയും നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ ഫലമായി അറബികടലില്‍ പടിഞ്ഞാറന്‍ /തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതിനാലാണ് വ്യാപകമായ മഴയ്ക്കുള്ള സാധ്യതകള്‍ പ്രവചിച്ചിട്ടുള്ളത്.