മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ എക്സാലോജിക് സൊല്യൂഷന്‍സും സിഎംആര്‍എലും തമ്മിലുള്ള പണമിടപാടുമായി ബന്ധപ്പെട്ട കേസില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ വാദങ്ങള്‍ സമര്‍പ്പിച്ച് കേന്ദ്രസര്‍ക്കാര്‍. 185 കോടിയുടെ അനധികൃത പണമിടപാട് സിഎംആര്‍എല്‍ നടത്തിയെന്ന് എസ്എഫ്ഐഒയുടെ അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് കേന്ദ്രം കോടതിയില്‍ അറിയിച്ചത്. നികുതി വകുപ്പിന്റെ അന്വേഷണത്തില്‍ അഴിമതി കണ്ടെത്തിയതായി ആദായനികുതി വകുപ്പും കോടതിയെ അറിയിച്ചു. കേസില്‍ എസ്എഫ്ഐഒ അന്വേഷണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്കിയ ഹര്‍ജിയില്‍ നല്കിയ മറുപടിയിലാണ് കേന്ദ്രത്തിന്റെയും ആദായനികുതി വകുപ്പിന്റെയും നിലപാട്.
കേസില്‍ ജനുവരി 20-ന് വിധി വരാനിരിക്കെയാണ് ആദായ നികുതി വകുപ്പും എസ്ഐഫ്ഐഓയും കോടതിയില്‍എഴുതി നല്കിയ വാദങ്ങള്‍ പുറത്തുവരുന്നത്. ചെലവുകള്‍ പെരുപ്പിച്ചുകാട്ടിയാണ് സിഎംആര്‍എല്‍ അഴിമതിപ്പണം വകയില്‍ ഉള്‍പ്പെടുത്തിയതെന്നും കേന്ദ്ര ഏജന്‍സികള്‍ കോടതിയില്‍ അറിയിച്ചു. കോര്‍പറേറ്റ് സ്ഥാപനത്തെ ഉപയോഗിച്ച് സങ്കല്‍പ്പത്തിനപ്പുറമുള്ള അഴിമതിയാണ് നടന്നതെന്നാണ് കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇത് രാജ്യത്തിന്റെ സാമ്പത്തികഭദ്രതയ്ക്ക് ഭീഷണിയാണെന്നും കേന്ദ്രവും ആദായനികുതി വകുപ്പും കോടതിയെ അറിയിച്ചു.
Read more
രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും വ്യക്തികള്‍ക്കും നല്കാന് 185 കോടി സിഎംആര്‍എല്‍ ചെലവഴിച്ചുവെന്നും ചെലവ് പെരുപ്പിച്ച് കാണിച്ച് കണക്കില്‍പ്പെടുത്തിയെന്നും നികുതി വകുപ്പ് പറയുന്നു. ചരക്കുനീക്കത്തിനും മാലിന്യനിര്‍മാര്‍ജനത്തിലും കോടികള്‍ ചെലവിട്ട് വ്യാജബില്ലുകള്‍ ഉള്‍പ്പെടുത്തി എന്നും കേന്ദ്രം ആരോപിക്കുന്നു. എസ്എഫ്ഐഒ അന്വേഷണം ചോദ്യംചെയ്ത് സിഎംആര്‍എല്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതോടെ കേന്ദ്രത്തോടും ആദായ നികുതി വകുപ്പിനോടും വാദങ്ങള്‍ എഴുതി നല്കാന് കോടതി ആവശ്യപ്പെട്ടിരുന്നു. കേസില്‍ അന്തിമവാദം പൂര്‍ത്തിയാക്കി ജസ്റ്റിസ് ചന്ദ്രധാരി സിങ്ങിന്റെ ബെഞ്ച് വിധി പറയാന്‍ ജനുവരി 20ലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഇതിലെ വാദങ്ങളിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. നിയമം അനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാനാകുമെന്ന് ആദായനികുതി വകുപ്പും കോടതിയെ അറിയിച്ചിട്ടുണ്ട്. ഇനി 20ലെ കോടതി വിധിയാണ് കേസില്‍ എന്താണ് സംഭവിക്കുക എന്ന് വ്യക്തമാക്കുക.