പൊലീസ് ആസ്ഥാനത്ത് ഡിജിപിയുടെ നേതൃത്വത്തില്‍ തിരക്കിട്ട ചര്‍ച്ചകള്‍; എഡിജിപി അജിത്കുമാര്‍ പുറത്തേക്കോ?

എഡിജിപി എംആര്‍ അജിത്കുമാറിനെതിരായ ആരോപണങ്ങളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെ അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘം പൊലീസ് ആസ്ഥാനത്ത് അടിയന്തരയോഗം ചേര്‍ന്നു. പിവി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്നാലെ ആയിരുന്നു എഡിജിപി എംആര്‍ അജിത്കുമാറിനെതിരായ അന്വേഷണം.

സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നിരിക്കുന്നത്. അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് വൈകുന്നേരത്തോടെ സമര്‍പ്പിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സംസ്ഥാന സര്‍ക്കാരിന് ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന എഡിജിപി വിവാദത്തില്‍ ഉടന്‍ റിപ്പോര്‍ട്ട് ലഭിക്കുമെന്നും അതിന് ശേഷം തുടര്‍നടപടികളുണ്ടാകുമെന്നാണ് വിഷയത്തില്‍ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രതികരിച്ചത്.

അന്വേഷണത്തിന് മുഖ്യമന്ത്രി അനുവദിച്ച സമയപരിധി ഇന്നലെ അവസാനിച്ചിരുന്നു. എഡിജിപിയെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നാണ് സിപിഐയുടെ ശക്തമായി ഉന്നയിക്കുന്ന ആവശ്യം. ഐജി സ്പര്‍ജന്‍ കുമാര്‍, ഡിഐജി തോംസണ്‍ ജോസ്, എസ്പിമാരായ ഷാനവാസ്, മധുസൂദനന്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

പിവി അന്‍വര്‍ ഉന്നയിച്ച എഡിജിപി എംആര്‍ അജിത്കുമാറും ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട ആരോപണങ്ങളിലായിരുന്നു അന്വേഷണം.