എസ് സുദേവന്‍ സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി; എതിരില്ലാതെ തിരഞ്ഞെടുപ്പ്; ഇത് രണ്ടാമൂഴം

സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയായി എസ് സുദേവനെ വീണ്ടും തെരഞ്ഞെടുത്തു. എതിരില്ലാതെയാണ് സുദേവനെ ജില്ലാ സമ്മേളനം വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തത്. കെ എസ് വൈ എഫ് ജില്ലാ സെക്രട്ടറി, ഡിവൈഎഫ്‌ഐയുടെ ആദ്യ ജില്ലാ സെക്രട്ടറി, സംസ്ഥാന ട്രഷറര്‍, കേന്ദ്ര എക്സിക്യൂട്ടിവ് അംഗം എന്നീ നിലകളിലും സിപിഐ എം ചടയമംഗലം ഏരിയ സെക്രട്ടറിയായും പ്രവര്‍ത്തിച്ച സുദേവന്‍ 1984 മുതല്‍ ജില്ലാ കമ്മിറ്റി അംഗമായും 1995 മുതല്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായും 2015 മുതല്‍ സംസ്ഥാന കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചുവരുന്നു.

കശുവണ്ടിത്തൊഴിലാളി യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്, എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സിഐടിയു കേന്ദ്ര വര്‍ക്കിങ് കമിറ്റി അംഗമായും കാപെക്സ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ചിതറ സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്റ്, ഓയില്‍ പാം ഇന്ത്യ ലിമിറ്റഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗം, ചടയമംഗലം ചിതറ ഡിവിഷനുകളില്‍ നിന്ന് ജില്ലാ പഞ്ചായത്ത് അംഗം, ജില്ലാ പഞ്ചായ ത്ത് വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. നിരവധി തൊഴിലാളി സമരങ്ങളില്‍ മുന്നണിപ്പോരാളിയായ സുദേവന്‍, ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്. 1954 മേയ് 24ന് ജില്ലാ അതിര്‍ത്തിയായ കൊല്ലായിലാണ് ജനനം. 1971 ലാണ് എസ് സുദേവന്‍ സിപിഎം അംഗമാകുന്നത്.