വനിതാമതില്‍ കഴിഞ്ഞയുടന്‍ തന്നെ ശബരിമലയിലെ യുവതീപ്രവേശനം നടന്നത് വലിയ തിരിച്ചടിക്ക് കാരണമായെന്ന് സിപിഎം തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്. പാര്‍ട്ടി അനുഭാവികള്‍ക്ക് വരെ ഈ സംഭവം ആഘാതമുണ്ടാക്കി. ബി.ജെ.പി, യു.ഡി.എഫിന് വോട്ട് മറിച്ചു. എന്നിട്ടും ബി.ജെ.പി വോട്ട് കൂടിയത് ഉത്കണ്ഠാജനകമാണ്. ജനങ്ങളുടെ മനോഗതി അറിയുന്നതിലുണ്ടായ പരാജയം ഗൗരവതരമാണെന്നും പാര്‍ട്ടി മുഖപത്രത്തില്‍ പ്രസിദ്ധീകരിച്ച അവലോകന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
നിലവില്‍ പാര്‍ട്ടി നേരിട്ട പരാജയം മറികടന്ന് മുന്നോട്ടു പോകാനുള്ള നിര്‍ദ്ദേശങ്ങളും പരിഹാര നടപടികളും കേന്ദ്ര കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും അംഗീകരിച്ച റിപ്പോര്‍ട്ടിലുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ പ്രകടനത്തെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ നല്ല അംഗീകാരം തന്നെയാണ് ഉണ്ടായിരുന്നത് എന്നാല്‍ തിരഞ്ഞെടുപ്പില്‍ അത് പ്രതിഫലിപ്പിക്കുന്നതില്‍ പരാജയപ്പെട്ടു. ഇതെന്ത് കൊണ്ട് സംഭവിച്ചു എന്ന് പരിശോധിക്കേണ്ടത് അനിവാര്യമാണ്. വനിതാമതില്‍ നടന്ന ഉടന്‍ യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചത് യു.ഡി.എഫും ബി.ജെ.പിയും ഉപയോഗപ്പെടുത്തി. ഈ പ്രചാരണം അനുഭാവികള്‍ക്കിടയില്‍ വലിയ ആഘാതം സൃഷ്ടിച്ചു.
സ്ത്രീകളെ പ്രായഭേദം കൂടാതെ ശബരിമല ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദിച്ച സുപ്രീം കോടതി വിധിയെ അനുകൂലിക്കുന്ന നിലപാടാണ് പാര്‍ട്ടിയും എല്‍.ഡി.എഫ് സര്‍ക്കാരും കൈക്കൊണ്ടത്. സുപ്രീം കോടതി വിധിയെ പിന്താങ്ങുന്ന ആദ്യ നിലപാട് കോണ്‍ഗ്രസും ബി.ജെ.പിയും തിരുത്തി, പാര്‍ട്ടിക്കും എല്‍.ഡി.എഫ് സര്‍ക്കാരിനും എതിരായി അതിരൂക്ഷമായ പ്രചാരണം സംഘടിപ്പിച്ചു. പതിവായി ഇടതുപക്ഷത്തിന് വോട്ട് ചെയ്യാറുള്ളവരില്‍ ഒരു.വിഭാഗത്തെ ആകര്‍ഷിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.
കേരളത്തിലെ രാഷ്ട്രീയ അക്രമത്തില്‍ പാര്‍ട്ടി മാത്രമാണ് ഉത്തരവാദി എന്ന പ്രചാരണം യു.ഡി.എഫും ബി.ജെ.പിയും പ്രമുഖ മാധ്യമങ്ങളും സംഘടിപ്പിച്ചു. സി.പി.എം ആണ് രാഷ്ട്രീയാക്രമണത്തിന്റെ ആഘാതം പേറേണ്ടി വന്നതെങ്കിലും പാര്‍ട്ടിയെ കരിതേച്ചു കാണിക്കാന്‍ ചില സംഭവങ്ങളെ ഉപയോഗിക്കുന്നതില്‍ യു.ഡി.എഫും ബി.ജെ.പിയും മാധ്യമങ്ങളും വിജയിച്ചു.
വോട്ടില്‍ ഒരു ഭാഗം യു.ഡി.എഫിനു കൈമാറിയ ശേഷവും 15.56 ശതമാനം വോട്ടുകള്‍ നേടുന്നതില്‍ ബി.ജെ.പി വിജയിച്ചു. ഇത് അതിയായ ഉത്കണ്ഠ ഉളവാക്കുന്ന കാര്യമാണ്. കേരളത്തില്‍ ബി.ജെ.പിയുടെ വളര്‍ച്ച തടയുന്നതിനുള്ള ക്ഷമാപൂര്‍വവും ഏകോപിതവുമായ രാഷ്ട്രീയ-പ്രത്യയശാസ്ത്ര- സംഘടനാ പ്രവര്‍ത്തനം ആവശ്യമാണ്.
Read more
ചില പരമ്പരാഗത ശക്തികേന്ദ്രങ്ങളില്‍ പാര്‍ട്ടിയുടെ വോട്ടിംഗ് ശേഷിയില്‍ ചോര്‍ച്ചയുണ്ടായിട്ടുണ്ട്. പാര്‍ട്ടിയുടെ അശ്രാന്ത പരിശ്രമവും സര്‍ക്കാരിന്റെ നല്ല പ്രവര്‍ത്തനവും ഉണ്ടായിട്ടും അടിത്തറ വികസിക്കാത്തത് എന്തുകൊണ്ടാണെന്ന് ഗൗരവമായി പരിശോധിക്കേണ്ടതാണെന്നും അവലോകന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.