കെ.എസ്.യു വനിതാപ്രവര്‍ത്തകയെ വലിച്ചിഴച്ച സംഭവം അപലപനീയം, എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ നടപടി: സച്ചിന്‍ ദേവ്

തിരുവന്തപുരം ലോ കോളേജില്‍ കെ.എസ്.യു എസ്എഫ്‌ഐ സംഘര്‍ഷത്തില്‍ വനിതാ പ്രവര്‍ത്തകയെ വലിച്ചിഴച്ച സംഭവം അപലപനീയമാണെന്നും അതില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവ് എം.എല്‍.എ. യോജിക്കാന്‍ കഴിയില്ലെന്നും പൊലീസ് ശരിയായ അന്വേഷണം നടത്തണമെന്നും സച്ചിന്‍ പറഞ്ഞു. എന്നാല്‍ കെ.എസ്.യുക്കാര്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചിരുന്നുവെന്നും അതിന്റെ ഭാഗമായാണ് സംഘര്‍ഷമുണ്ടായതെന്നും സച്ചിന്‍ ദേവ് വ്യക്തമാക്കി.

തെറ്റായ പ്രചാരണമാണ് എസ്.എഫ്.ഐക്ക് എതിരെ നടക്കുന്നുണ്ടെന്നും കെ.എസ്.യു ബോധപൂര്‍വം പ്രശ്നമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും സച്ചിന്‍ ദേവ് പറഞ്ഞു.

‘കൊലപാതക കേസിലെ പ്രതികള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് കെ.എസ്.യു പ്രകടനം നടത്തിയിട്ടുണ്ട്. കേരളത്തില്‍ ഏറ്റവും അധികം പെണ്‍കുട്ടികള്‍ അംഗങ്ങളായ സംഘടനയാണ് എസ്.എഫ്.ഐ. സംഘടനക്കെതിരെ തെറ്റായ പ്രചരണം നടക്കുന്നുണ്ട്,’ സച്ചിന്‍ ദേവ് പറഞ്ഞു

കഴിഞ്ഞ ചൊവ്വാഴ്ചയാണ് തിരുവനന്തപുരം ഗവ. ലോ കോളേജില്‍ എസ്.എഫ്.ഐ- കെ.എസ്.യു പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. വാക്കുതര്‍ക്കത്തിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് കെ.എസ്.യു പ്രവര്‍ത്തകര്‍ക്കും ഒരു എസ്.എഫ്.ഐ പ്രവര്‍ത്തകനും പരിക്കേറ്റിരുന്നു.