ഇഡിക്കെതിരെ താനോ തന്റെ കക്ഷിയോ പൊലീസിന് പരാതി നൽകിയിട്ടില്ലെന്ന് സന്ദീപ് നായരുടെ അഭിഭാഷക പി വി വിജയം. കോടതിക്കു മാത്രമാണ് സന്ദീപ് പരാതി നല്‍കിയിട്ടുള്ളത്. നിലവില്‍ താന്‍ മാത്രമാണ് സന്ദീപിന്റെ അഭിഭാഷകയെന്നും ഇല്ലാത്ത പരാതിയില്‍ എങ്ങനെ കേസെടുക്കുമെന്നും അഡ്വ. വിജയം ചോദിച്ചു. ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്ത സംഭവത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അവർ.
“എന്റെ പരാതിയിലാണ് കേസെടുത്തതെന്ന വാദം തെറ്റാണ്. ഞാൻ മാത്രമാണ് സന്ദീപിന് അഭിഭാഷകയായിട്ടുള്ളത്. സന്ദീപ് കോടതിക്കാണ് പരാതി നൽകിയത്. ആ പരാതിയുടെ കോപ്പി ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടില്ല.ഡി ജിപിക്ക് പരാതി നൽകിയിട്ടില്ല. നൽകാത്ത പരാതിയിൽ എങ്ങനെ കേസെടുക്കും”- അഡ്വ. വിജയം ചോദിച്ചു.
ഇന്നലെയാണ് സന്ദീപ് നായരുടെ അഭിഭാഷക ഡി ജി പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലെന്ന് പറഞ്ഞ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ സംസ്ഥാന ക്രൈംബ്രാഞ്ച് വീണ്ടും കേസെടുത്തത്. മുഖ്യമന്ത്രിക്കെതിരെ മൊഴിനൽകാൻ ഇ.ഡി നിർബന്ധിച്ചുവെന്നാണ് പരാതി. സന്ദീപ് നായർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പരാതി നൽകുകയായിരുന്നു എന്നാണ് പുറത്തുവന്ന റിപ്പോർട്ട്.
സ്വർണക്കടത്തു കേസിലെ പ്രതികളിലൊരാളായ സ്വപ്ന സുരേഷിനെ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചുവെന്ന വനിതാ പൊലീസുകാരുടെ മൊഴിയിൽ നേരെത്തെ ഇ.ഡിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശത്തെ തുടർന്നായിരുന്നു കേസ്. തെറ്റായി ഒരാളെ ഉൾപ്പെടുത്താൻ ഗൂഢാലോചന നടത്തുകയും സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നത് ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമല്ലെന്ന് ക്രൈംബ്രാഞ്ച് പറയുന്നു.
Read more
അതേസമയം, സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ പേരു പറയാൻ സ്വപ്നയെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് ഇ.ഡിക്കെതിരെയുള്ള ക്രൈംബ്രാഞ്ച് കേസ് റദ്ദാക്കാൻ ഇ.ഡി ഡെപ്യൂട്ടി ഡയറക്ടർ നൽകിയ ഹർജി ദുരുദ്ദേശ്യപരമാണെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. ആഭ്യന്തര വകുപ്പ് അണ്ടർ സെക്രട്ടറി എം.പി. പ്രിയമോൾ നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്. ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.