കാലടി സംസ്കൃത സർവകലാശാലയിൽ ചട്ടങ്ങൾ അട്ടിമറിച്ചു വീണ്ടും അനധികൃത നിയമനമെന്ന് പരാതി. വിജ്ഞാപനം പോലും പ്രസിദ്ധീകരിക്കാതെ പബ്ലിക്കേഷൻ ഓഫീസർ തസ്തികയിലേക്ക് ഒരു വർഷത്തെ താത്കാലിക നിയമനം നടത്തിയെന്നാണു പരാതി. സർവകലാശാലയിലെ മലയാളം വിഭാഗത്തിലെ ഗസ്റ്റ് അധ്യാപകനാണ് ഇത്തരത്തിൽ നിയമനം നൽകിയത്.
പബ്ലിക്കേഷൻ വിഭാഗം ശക്തിപ്പെടുത്താനായി ഓഫീസറെ നിയമിക്കാൻ സർവകലാശാലാ സിൻഡിക്കേറ്റ് തീരുമാനമെടുത്തത് ഓഗസ്റ്റ് മുപ്പതിനാണ്. എന്നാൽ, നടപടിക്രമങ്ങൾ പാലിക്കാതെ ഈ തസ്തികയിൽ നിയമനം നടത്തി സർവകലാശാല രജിസ്ട്രാർ തിങ്കളാഴ്ച ഉത്തരവിറക്കുകയായിരുന്നു. തസ്തികയുടെ അധിക ചുമതല നൽകിയിരുന്ന അധ്യാപികയെ നീക്കുന്നതായും ഉത്തരവിലുണ്ട്. ഉത്തരവിറങ്ങിയ ശേഷമാണ് നിയമനവിവരം സിൻഡിക്കറ്റ് അംഗങ്ങൾ പോലുമറിഞ്ഞത്.
Read more
സർവകലാശാലകളിലെ താത്കാലിക നിയമനങ്ങൾ പോലും നടപടി ക്രമം പാലിക്കാതെ നടത്താൻ പാടില്ല. വിവിധ തസ്തികകളിലേക്കു താത്കാലിക, കരാർ നിയമനം നടത്തുമ്പോൾ വിജ്ഞാപനം പ്രസിദ്ധീകരിക്കുകയും ഇതു പത്രങ്ങൾ വഴി ഉദ്യോഗാർഥികളെ അറിയിക്കുകയും വേണമെന്നാണ് നിയമം. ഉദ്യോഗാർഥികളുടെ യോഗ്യതാ പരിശോധനയും അഭിമുഖവും നടത്തി വേണം നിയമനം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ മുഖേനയും ഉദ്യോഗാർഥികളെ കണ്ടെത്താറുണ്ട്.