നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി കള്ളമാണെന്ന് ദിലീപിന്റെ അടുത്ത സുഹൃത്ത് ശരത് ജി.നായര്‍. കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ശരത്തിനെ ജാമ്യത്തില്‍ വിട്ടതിനു പിന്നാലെയാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ കള്ളമെന്ന് വ്യക്തമാക്കി ശരത് രംഗത്തെത്തിയത്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ഒന്നും തനിക്കു കിട്ടിയിട്ടില്ലെന്നും ശരത് മാധ്യമങ്ങളോട് പറഞ്ഞു. തെളിവ് നശിപ്പിച്ചു എന്നത് തെറ്റായ ആരോപണമാണ്.
നടിയെ ആക്രമിച്ചു പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടിലെത്തിച്ചത് ശരത്താണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ ചോദ്യം ചെയ്യാനായി ആലുവ പൊലീസ് ക്ലബ്ബില്‍ വിളിച്ചുവരുത്തിയ ശരത്തിന്റെ അറസ്റ്റ് രാത്രി എട്ടു മണിയോടെയാണ് രേഖപ്പെടുത്തിയത്. തെളിവു നശിപ്പിച്ചു എന്നു പറയാന്‍ ഈ പറയുന്ന ദൃശ്യങ്ങളൊന്നും എന്റെ കയ്യില്‍ കിട്ടിയിട്ടില്ല. ഞാനത് കണ്ടിട്ടുമില്ലന്നും ശരത്ത് പറഞ്ഞു. ഇക്കാര്യം പൊലീസിനെ അറിയിച്ചിട്ടുണ്ട്. എന്നെ ‘ഇക്കാ’ എന്നാണ് വിളിക്കുന്നത് എന്നെല്ലാം ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. എന്നെ ആരും ഇക്കാ എന്നു വിളിക്കുന്നില്ല. അത് ശരിയല്ലെന്ന് എല്ലാവര്‍ക്കും അറിയാം. കൂടുതലൊന്നും പറയാനില്ലന്നും – ശരത് വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ആറാം പ്രതിയാണ് ശരത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനിടെയാണ് നടിയെ ആക്രമിച്ച കേസിലെ തെളിവുകളും ഇയാള്‍ നശിപ്പിച്ചതായി കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
Read more
സ്വന്തം വാഹനത്തിലാണ് ശരത് ആലുവ പൊലീസ് ക്ലബ്ബില്‍ എത്തിയത്. എസ്പി മോഹന ചന്ദ്രന്റെയും ഡിവൈഎസ്പി. ബൈജു പൗലോസിന്റെയും നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്. ദിലീപിന്റെ അടുത്ത സുഹൃത്തും സൂര്യ ഹോട്ടല്‍സ് ഉടമയുമാണ് ആലുവ സ്വദേശിയായ ശരത്. മുന്‍പ് ദിലീപ് അറസ്റ്റിലാകുമ്പോള്‍ ദിലീപിനൊപ്പം തന്നെ ഉണ്ടായിരുന്ന ആളുമാണ്. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ദിലീപിനെതിരെ വെളിപ്പെടുത്തലുകളുമായി രംഗത്തു വന്നതിനു പിന്നാലെയാണ് ക്രൈംബ്രാഞ്ച് സംഘം ശരത്തിനെതിരെ അന്വേഷണം ആരംഭിച്ചത്. ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ ദിലീപിന്റെ വീട്ടില്‍ എത്തിയ ‘വിഐപി’ എന്ന് വിശേഷിപ്പിച്ച വ്യക്തിയും ശരത്താണ്.