സരിന്റെ വിമർശനം അച്ചടക്ക ലംഘനം; ചോദ്യം ചെയ്തത് എഐസിസി തീരുമാനമെന്ന് കെപിസിസി

സരിന്റെ വിമർശനം അച്ചടക്ക ലംഘനമെന്ന് കെപിസിസി. ചോദ്യം ചെയ്തത് എഐസിസി തീരുമാനമെന്നും കെപിസിസി അറിയിച്ചു. ഹൈക്കമാന്ഡാണ് സ്ഥാനാർത്ഥിയെ തീരുമാനിച്ചത്. അഭിപ്രായ വ്യത്യാസം പാർട്ടിക്കുള്ളിൽ തന്നെ പറയണമായിരുന്നുവെന്നും കെപിസിസി കുറ്റപ്പെടുത്തി.

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ തീരുമാനിച്ചതിൽ പുനഃപരിശോധന വേണമെന്നാണ് കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനർ ഡോ പി സരിന്റെ ആവശ്യം. പാലക്കാട്ടെ യാഥാർഥ്യം നേതൃത്വം തിരിച്ചറിയണമെന്നും തിരുത്താൻ ഇനിയും സമയമുണ്ടെന്നും പി സരിൻ പറഞ്ഞു. അതേസമയം മല്ലികാർജുൻ ഖാർഗെയ്ക്കും രാഹുൽ ഗാന്ധിക്കും കത്ത് നൽകിയിരുന്നതായും പി സരിൻ പറഞ്ഞു.

ജില്ലയിൽ നിന്നുള്ളവരെ സ്ഥാനാർത്ഥിയാക്കാത്തതിൽ അതൃപ്തി അറിയിച്ച് രംഗത്തെത്തിയതിന് പിന്നാലെ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പി സരിൻ. കോൺഗ്രസ്സ് നേതൃത്വം കാണിക്കുന്നത് തോന്ന്യാസമാണെന്നും സരിൻ പറഞ്ഞു. ജനങ്ങളെ വിശ്വാസത്തിലെടുക്കുന്ന സ്ഥാനാർഥി നിർണയമാവണമെന്നും ഇല്ലെങ്കിൽ തോൽക്കുക രാഹുൽമാങ്കൂട്ടത്തിലല്ലെന്നും രാഹുൽ ഗാന്ധിയായിരിക്കുമെന്നും പി സരിൻ കൂട്ടിച്ചേർത്തു.