ശശീന്ദ്രൻ മന്ത്രിസ്ഥാനം ഒഴിഞ്ഞേക്കും? തോമസ് കെ. തോമസ് പകരക്കാരനെന്ന് സൂചന

വനം മന്ത്രി എ കെ ശശീന്ദ്രൻ മന്ത്രിസ്ഥാനം ഒഴിഞ്ഞേക്കുമെന്ന് സൂചന. ശശീന്ദ്രനെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റാൻ എൻസിപിയിലാണ് തീരുമാനമായത്. വർഷങ്ങളായി ഒരാൾ തന്നെ പദവിയിൽ തുടരേണ്ടതില്ലെന്ന പാർട്ടി തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം ശശീന്ദ്രന് പകരം കുട്ടനാട് എംഎൽഎ തോമസ് കെ. തോമസ് സ്ഥാനം ഏറ്റെടുക്കുമെന്നാണ് സൂചന.

കേന്ദ്രനേതൃത്വത്തിൻറെ നിലപാട് വ്യക്തമായാൽ ശശീന്ദ്രൻ മന്ത്രിസ്ഥാനം രാജിവെക്കും. ഇതിനു മുഖ്യമന്ത്രി സമ്മതിച്ചതായാണ് റിപ്പോർട്ടുകൾ. സ്ഥാനമാറ്റവുമായി ബന്ധപ്പെട്ട് പാർട്ടിയിൽ ചർച്ച നടന്നിരുന്നു. തുടർന്നാണ് തീരുമാനം ദേശീയ നേതൃത്വത്തെ അറിയിച്ചത്. അന്തിമ തീരുമാനം വന്നാൽ ഉടൻ നടപടികളിലേക്ക് കടക്കും. പിസി ചാക്കോ ഉൾപ്പെടെയുള്ളവർ തീരുമാനത്തെ അനുകൂലിച്ചതായാണ് സൂചന.

അതേസമയം, വിഷയത്തിൽ ഔദ്യോഗികമായി ഒരു അറിയിപ്പും ദേശീയ അധ്യക്ഷനോ സംസ്ഥാന അധ്യക്ഷനോ നൽകിയിട്ടില്ലെന്ന് തോമസ് കെ. തോമസ് പറഞ്ഞു. പാർട്ടിയിൽ ചർച്ച നടക്കുന്നുണ്ട്. എന്നാൽ, ഔദ്യോഗികമായി വിവരം ലഭിക്കാത്തപക്ഷം പ്രതികരിക്കാനാകില്ലെന്നും തോമസ് കെ. തോമസ് വ്യക്തമാക്കി. അതേസമയം തനിക്ക് ഇതേസംബന്ധിച്ച് ഒന്നും അറിയില്ലെന്ന് എ കെ ശശീന്ദ്രൻ പറഞ്ഞു.

Read more