കോവിഡ് വ്യാപനം നീളുന്ന സാഹചര്യത്തിൽ സ്കൂളുകൾ ഭാഗികമായി തുറക്കുന്നതു സർക്കാരിന്റെ പരിഗണനയിൽ. ഈ മാസം 15-നു ശേഷം സ്കൂളുകൾ തുറക്കാൻ തയ്യാറാണെന്നു വിദ്യാഭ്യാസ വകുപ്പ് സർക്കാരിനെ അറിയിച്ചു. ആദ്യഘട്ടത്തിൽ 10, 12 ക്ലാസ് വിദ്യാർത്ഥികൾക്കു മാത്രമാകും പ്രവേശനം അനുവദിക്കുക. ഇവരെ ബാച്ചുകളായി തിരിച്ച് ക്ലാസുകളിൽ സുരക്ഷിത അകലം ഉറപ്പാക്കും. ആരോഗ്യ വിദഗ്ധരുമായി ചർച്ച ചെയ്ത ശേഷമാകും അന്തിമ തീരുമാനം ഉണ്ടാകുക.
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ അടുത്തെത്തുന്നതിനാൽ കുട്ടികളുടെയും രക്ഷിതാക്കളുടെയും ആശങ്ക കൂടി പരിഗണിച്ചാണ് തീരുമാനം. അതേസമയം കോവിഡ് കേസുകൾ കൂടുതലുള്ള മേഖലകളിൽ ക്ലാസ് ഒഴിവാക്കും.
സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാരുകൾക്ക് തീരുമാനമെടുക്കാമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ടെങ്കിലും യുപിയിലും പുതുച്ചേരിയിലും മാത്രമാണു ക്ലാസ് തുടങ്ങിയത്.
Read more
തമിഴ്നാട് ഈ മാസം 16 മുതൽ സ്കൂളുകൾ തുറക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് കേരളവും സ്കൂളുകൾ നിയന്ത്രണങ്ങളോടെ തുറക്കാൻ പദ്ധതിയിടുന്നത്.