2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് എസ്ഡിപിഐ എസ്ഡിപിഐ സംസ്ഥാന അധ്യക്ഷൻ മൂവാറ്റുപഴ അഷ്റഫ് മൗലവിയാണ് വാർത്താ സമ്മേളനത്തിൽ പ്രഖ്യാപനം നടത്തിയത്. യുഡിഎഫിന് പിന്തുണയറിയിച്ച് തിങ്കളാഴ്ച പ്രഖ്യാപനം നടത്തുമെന്ന് നേരത്തെ എസ്ഡിപിഐ വ്യക്തമാക്കിയിരുന്നു. കേരളത്തിൽ ഇത്തവണ മത്സരിക്കേണ്ടെന്നാണ് എസ്ഡിപിഐയുടെ തീരുമാനം.
സിഎഎ പിൻവലിക്കുമെന്നും ജാതിസെൻസസ് നടപ്പാക്കുമെന്നുമുള്ള കോൺഗ്രസിൻ്റെ നിലപാടും ദേശീയ സാഹചര്യവും പരിഗണിച്ചാണ് യുഡിഎഫിനെ പിന്തുണയ്ക്കാൻ എസ്ഡിപിഐ തീരുമാനിച്ചതെന്ന് അഷ്റഫ് മൗലവി വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ സാധ്യമാകുന്ന സംസ്ഥാനങ്ങളിൽ മതനിരപേക്ഷ ചേരിയെ പിന്തുണക്കേണ്ട നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും മൗലവി പറഞ്ഞു.
തിരഞ്ഞെടുപ്പിൽ ബിജെപി വിരുദ്ധ മുന്നണിക്ക് നേതൃത്വം നൽകുന്ന കോൺഗ്രസ് നയിക്കുന്ന കേരളത്തിൻ്റെ യുഡിഎഫ് സംവിധാനത്തെ പിന്തുണക്കാനാണ് പാർട്ടി സംസ്ഥാന ഘടകം തീരുമാനിച്ചിട്ടുള്ളത്. ദേശീയതലത്തിൽ പാർട്ടി 18 സ്ഥലങ്ങളിൽ മത്സരിക്കുന്നുണ്ടെന്നും കേരളത്തിൽ സ്ഥാനാർഥികളെ നിർത്തുന്നില്ലെന്നും മൗലവി കൂട്ടിച്ചേർത്തു.
പാർട്ടിയെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും പ്രചാരണവും പങ്കാളിത്തവും ഉദ്ദേശിച്ചിട്ടില്ല. ബിജെപി വിരുദ്ധമായ സംവിധാനത്തെ പിന്തുണക്കുന്ന ചർച്ച പാർട്ടിയിൽ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കേരളത്തിൽ ദേശീയ തലത്തിൽ ഒരുമിച്ച് പോകുന്ന യുഡിഎഫിനെ പിന്തുണക്കുന്നതെന്നും അഷ്റഫ് മൗലവി പറഞ്ഞു.
Read more
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവശ്യമായി വരുന്ന ഭാരിച്ച തുക കണ്ടെത്താന്‍ സംഘടനയ്ക്ക് സാധിക്കാത്ത സാഹചര്യത്തിലാണ് കേരളത്തില്‍ മത്സരിക്കേണ്ടെന്ന തീരുമാനത്തിലേക്ക് ദേശീയ നേതൃത്വം എത്തിയതെന്നാണ് പാർട്ടിയുടെ വിശദീകരണം. നിലവില്‍ 60 സീറ്റുകളിലാണ് എസ്ഡിപിഐ മത്സരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. തമിഴ്നാട്ടില്‍ എഐഎഡിഎംകെയുടെ പിന്തുണയോടെ ദിണ്ടിഗല്‍ സീറ്റില്‍ എസ്ഡിപിഐ മത്സരിക്കുന്നുണ്ട്. എസ്ഡിപിഐയുടെ എതിരാളികള്‍ സിപിഐഎമ്മാണ്.