എറണാകുളം ജില്ലയില്‍ കനത്ത മഴ; ചെല്ലാനത്ത് കടലാക്രമണം രൂക്ഷം, വീടുകളും മതിലുകളും തകര്‍ന്നു

എറണാകുളം ജില്ലയില്‍ മഴ ശക്തമായി തുടരുന്നു.  തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമായതോടെ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ചെല്ലാനം, വൈപ്പിന്‍, എടവനക്കാട്, നായരമ്പലം, ഞാറയ്ക്കല്‍, ചെറായി തുടങ്ങിയ സ്ഥലങ്ങളിലാണ് കടലാക്രമണം ദുരിതമാകുന്നത്.

ചെല്ലാനത്ത് കടലാക്രമണം അതിരൂക്ഷമാണ്. പ്രദേശത്തെ ഭൂരിഭാഗം വീടുകളും വെള്ളത്തിലായി. നിരവധി വീടുകള്‍ തകര്‍ന്നു. ചെല്ലാനം പഞ്ചായത്തിലെ കമ്പനിപ്പടി, ബസാര്‍ അടക്കം ഭുരിഭാഗം പ്രദേശങ്ങളിലും കടലാക്രമണം ശക്തമായാണ് തുടരുന്നത്. വീടുകളും മതിലുകളും തകര്‍ന്നു.

കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ തുടരുന്ന മഴ വലിയ ദുരിതമാണ് തീരദേശവാസികള്‍ക്കുണ്ടാക്കുന്നത്. ആരോഗ്യപ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരുമുള്‍പ്പെടെ ശക്തമായ കടലാക്രമണത്തില്‍ തീരദേശമേഖലയില്‍ നിന്ന് പുറത്ത് എത്താന്‍ ഏറെ പ്രയാസപ്പെട്ടു. പ്രദേശത്ത് ദുരന്ത നിവാരണ സേനയെ വിന്യസിച്ചിരിക്കുകയാണ്.

വെള്ളപ്പൊക്ക സാദ്ധ്യതയും കടലാക്രമണവും കിഴക്കൻ മേഖലകളിൽ മലയിടിച്ചിൽ സാദ്ധ്യതയും കണക്കിലെടുത്ത് ഏത് അടിയന്തര സാഹചര്യവും നേരിടുവാൻ ആശുപത്രികൾ സജ്ജമായിരിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി.