തരം താണ രാഷ്ട്രീയ കളി; വന്ദേഭാരത് ഉദ്ഘാടനയാത്രയിൽ ബിജെപി ഓഫിസിൽ കയറിയതുപോലെ അകപ്പെട്ടു പോയി

രണ്ടാം വന്ദേഭാരതിന്റെ ഉദ്ഘാടന യാത്രയിൽ പങ്കാളിയായതിനെ തുടർന്ന് പ്രതികരണവുമായി കോൺഗ്രസ് എംപി കെ മുരളീധരൻ. ഉദ്ഘാടന യാത്രയിൽ മുഴുനീളെ ബിജെപിയുടെ ജാഥയും ബഹളവുമാണുണ്ടായത്. ബിജെപി ഓഫിസിൽ ഇരുന്ന പോലെ അകപ്പെട്ടുപോയെന്ന് പറഞ്ഞ കെ മുരളീധരൻ കേന്ദ്ര മന്ത്രി വി മുരളീധരന് വേണ്ടി പത്തു മിനിറ്റ് എല്ലാ സ്റ്റേഷനിലും വന്ദേഭാരത് നിർത്തിയെന്നും കുറ്റപ്പെടുത്തി.

കേരളത്തിന് അനുവദിച്ച വന്ദേഭാരതിൽ ബിജെപി തരംതാണ രാഷ്ട്രീയ കളി നടക്കുന്നുവെന്നായിരുന്നു ആരോപണം. രണ്ടാം വന്ദേഭാരത് ആരുടെയെങ്കിലും സമ്മർദം കൊണ്ട് മാത്രമല്ല, ആദ്യത്തെ വന്ദേഭാരത് മികച്ച വരുമാനം നൽകിയത് കൊണ്ട് കൂടിയാണ് അനുവദിച്ചത്. എന്നാൽ ബിജെപി യാത്ര പോലായിരുന്നു ഉദ്ഘാടന യാത്രയെന്ന് മുരളീധരൻ പറഞ്ഞു.

ബിജെപി പ്രവർത്തകർ പതാകയുമായി ട്രെയിനിൽ കേറുന്നു. ഇതെന്താണിത്. ഇങ്ങനെയാണെങ്കിൽ പ്രതിഷേധിക്കേണ്ടി വരും. റെയിൽവേ ഉദ്യോഗസ്ഥർ പോലും നിസഹായരാണ്. എന്തെങ്കിലും പറഞ്ഞാൽ അവർക്ക് മുകളിൽ നിന്നും വിളി വരും. വികസന പരിപാടികളെ പാർട്ടി പരിപാടികൾ ആക്കുന്നത് മേലാൽ ആവർത്തിക്കരുതെന്നും കെ മുരളീധരൻ ആവശ്യപ്പെട്ടു.

കേന്ദ്രമന്ത്രി വി മുരളീധരനെയും എംപി വിമർശിച്ചു. ഫയൽ പോലും കാണാത്ത ചില കേന്ദ്ര മന്ത്രിമാരുണ്ട്. അവരുടെ ഏകപണി പ്രധാനമന്ത്രിയുടെ പിന്നാലെ ഓടലാണ്. വി മുരളീധരൻ ആണ് ഇതിനെല്ലാം നേതൃത്വം കൊടുക്കുന്നത്. കേരളത്തിന് വല്ലതും അനുവദിക്കുമ്പോൾ ഞാൻ അറിയാതെ കൊടുക്കരുതെന്ന് പറയുന്നയാളാണ് മുരളീധരൻ. എന്നും കെ മുരളീധരൻ പറ‍ഞ്ഞു.

Read more

ഇരിക്കുന്ന പദവിയിൽ ഒരു മാന്യതയും ഇല്ലാത്ത ആളാണ് വി മുരളീധരൻ. ജയിക്കില്ലെന്ന് അദ്ദേഹത്തിന് തന്നെ നന്നായി അറിയാവുന്നത് കൊണ്ട് ഒരു ടെൻഷനുമില്ലാതെ മത്സരിക്കാൻ കഴിയുന്ന ആളാണ് വി മുരളീധരനെന്നും കെ മുരളീധരൻ പരിഹസിച്ചു.